പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ജാമ്യവ്യവസ്ഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.
കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. കൂടാതെ സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുതെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നുമാണ് മറ്റു ജാമ്യവ്യവസ്ഥകൾ.
കൂടാതെ അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ദ്വാരപാലക ശിൽപ കേസിലാണ് പോറ്റിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളി കേസിൽ പോറ്റി റിമാൻഡിൽ തുടരും. അറസ്റ്റ് ചെയ്ത് 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത് വന്നു. നിരവധി പേർക്ക് ഉപഹാരങ്ങൾ നൽകിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ പറയുന്നത്. നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരം നൽകിയിട്ടുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. അതുപോലെ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്നും പോറ്റി മൊഴി നൽകിയിട്ടുണ്ട്. 2017 മുതൽ കടകംപള്ളിയുമായി പരിചയമുണ്ട്. കടകംപള്ളി വീട്ടിൽ വന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഇതോടെ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ സമ്മതിച്ചു.















































