കീവ്: യുക്രെയ്‌നിൽ പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന റഷ്യൻ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 70 ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് കൊല്ലപ്പെട്ടവരിൽ 12 വയസുള്ള പെൺകുട്ടിയും കീവിലെ കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു നഴ്‌സും രോഗിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിനു റഷ്യ 600ഓളം ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകൾ ഉപയോഗിച്ചതായും റിപ്പോർട്ട്. യുക്രെയ്‌നിലെ ഏഴ് സ്ഥലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ഈ അടുത്ത മാസങ്ങൾക്കിടയിലുണ്ടായ വലിയ ആക്രമണമാണിത്. അതേസമയം റഷ്യയ്ക്ക് തിരിച്ചടി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യയ്ക്ക് കൊലപാതകവും ആക്രമണവും തുടരാനാണ് ആഗ്രഹമെന്നാണ് ഈ നീചമായ ആക്രമണം കാണിക്കുന്നതെന്നും സെലൻസ്‌കി പറഞ്ഞു.
‘ഓട്ടോമൊബൈൽ റബ്ബർ ഫാക്ടറി, അപ്പാർട്ട്‌മെന്റുകൾ ആക്രമിക്കപ്പെട്ടു. ഈ ആക്രമണത്തിൽ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ശക്തമായ പ്രതികരണം വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി നടക്കുന്ന അവസാന ആഴ്ചയാണ് ഈ ആക്രമണം നടന്നത്. റഷ്യ ഇങ്ങനെയാണ് അവരുടെ നിലപാട് പ്രഖ്യാപിക്കുന്നത്’, സെലൻസ്‌കി പറഞ്ഞു.
അതേസമയം ആക്രമണത്തിൽ രാജ്യത്തുടനീളം 100ഓളം സിവിലിയൻ കേന്ദ്രങ്ങൾ തകർന്നെന്ന് പ്രതിരോധ മന്ത്രി ഇഗോർ ക്ലിമെങ്കോ പറഞ്ഞു. യുക്രെയ്‌നിന്റെ സായുധ സേനയെ സഹായിക്കുന്ന സൈനിക സൗകര്യങ്ങളെയും മറ്റുമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നാണ് റഷ്യ പറയുന്നത്. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടയുടൻ തന്നെ യുക്രെയ്‌നിലെ എയർ അലേർട്ട് ആപ്പ് മുഖേന എല്ലാവരോടും സുരക്ഷിതമായി ഷെൽട്ടറുകളിൽ ഇരിക്കാനുള്ള മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ദിവസം യുക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സെലൻസ്‌കി ആഗോള പിന്തുണ അഭ്യർത്ഥിച്ചിരുന്നു. റഷ്യയുടെ ആക്രമണം യുക്രെയ്നിൽ മാത്രം ഒതുങ്ങില്ലെന്ന് പറഞ്ഞ സെലൻസ്‌കി, റഷ്യയെ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ കൂടുതലിടത്തേക്ക് അധിനിവേശം പടരുമെന്ന മുന്നറിയിപ്പും നൽകി. യുക്രെയ്നിൽ വെടിനിർത്തൽ സാധ്യമാകാത്തത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിസമ്മതിക്കുന്നത് കൊണ്ടാണെന്നും സെലൻസ്‌കി പറഞ്ഞിരുന്നു.