ലക്നൗ: ഐപിഎൽ അവസാന മത്സരത്തിൽ ആദ്യ സെഞ്ചുറി, 27 കോടി രൂപയ്ക്ക് ടീമിലെത്തി ഒന്നുമില്ലാതെ വെറുംകയ്യോടെ മടങ്ങിയില്ല ഋഷഭ് പന്ത്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പന്തിന്റെ വക ബാറ്റിങ് വെടിക്കെട്ട്. സീസണിലെ ആദ്യ സെഞ്ചുറിയുമായി ഋഷഭ് പന്ത് പുറത്താകാതെനിന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ 228 റൺസ് വിജയലക്ഷ്യമാണ് ലക്നൗ ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു.
61 ബോളുകൾ നേരിട്ട ഋഷഭ് പന്ത് 118 റൺസടിച്ചു പുറത്താകാതെനിന്നു. എട്ട് സിക്സുകളും 11 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. 55 പന്തുകളിൽനിന്നാണ് പന്ത് സെഞ്ചുറി തികച്ചു. ലക്നൗ ഓപ്പണർ മിച്ചൽ മാർഷ് അർധ സെഞ്ചുറി നേടി പുറത്തായി. 37 പന്തിൽ അഞ്ച് സിക്സുകളും നാല് ഫോറുകളും അടക്കം 67 റൺസടിച്ചാണ് മാർഷിന്റെ മടക്കം. ഓപ്പണർ മാത്യു ബ്രീറ്റ്സ്കി 14 റൺസെടുത്തു പുറത്തായെങ്കിലും മാർഷും ക്യാപ്റ്റൻ പന്തും ലക്നൗവിന്റെ രക്ഷകരാകുകയായിരുന്നു. സ്കോർ 25 റൺസിൽ നിൽക്കെ ആദ്യ വിക്കറ്റു പോയ, ലക്നൗവിന്റെ രണ്ടാം വിക്കറ്റു വീണത് 177 ൽ ആണ്. പവർപ്ലേയിൽ വൺഡൗണായി ബാറ്റു ചെയ്യാൻ പന്ത് ഇറങ്ങിയപ്പോൾ, ആദ്യ ആറോവറുകളിൽ പിറന്നത് 55 റൺസ്. 9.5 ഓവറിൽ ലക്നൗ 100 പിന്നിട്ടു.
അതേസമയം 18–ാം ഓവറിലെ അഞ്ചാം പന്തിൽ ഭുവനേശ്വർ കുമാറിനെ ബൗണ്ടറി കടത്തിയ ഋഷഭ് ഗ്രൗണ്ടിൽ മലക്കം മറിഞ്ഞാണ് സെഞ്ചുറി ആഘോഷിച്ചത്. 10 പന്തുകൾ നേരിട്ട നിക്കോളാസ് പുരാൻ 13 റൺസെടുത്തു പുറത്തായി. ആർസിബിക്കായി നുവാൻ തുഷാര, ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെഫേർഡ് എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.