ന്യൂഡല്‍ഹി: രാജ്യത്തെ എംഎല്‍എമാരില്‍ ഏറ്റവും സമ്പന്നന്‍ ബിജെപിയുടെ പരാഗ് ഷാ. 3400 കോടിയാണ് മുംബൈ ഗോട്ട്കാപാര്‍ എംഎല്‍എയായ പരാഗ് ഷായുടെ ആസ്തി. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് എംഎല്‍എയായ ഡി കെ ശിവകുമാറാണ്. കര്‍ണാടകയിലെ കനകപുര എംഎല്‍എയായ ശിവകുമാറിന് 1413 കോടിയുടെ ആസ്തിയുണ്ടെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 4123 എംഎല്‍എമാരില്‍ 4,092 പേരുടെ തെരഞ്ഞെടുപ്പ് സത്യവാങ് മൂലം വിശകലനം ചെയ്താണ് എഡിആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം പശ്ചിമബംഗാള്‍ ഇന്ദൂസ് മണ്ഡലത്തിലെ ബിജെപി എംഎല്‍എ നിര്‍മ്മല്‍ കുമാര്‍ ധാരയാണ് ഏറ്റവും ദരിദ്രന്‍. കേവലം 1700 രൂപയാണ് ധാരയുടെ സമ്പത്ത്. കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എ കെ എച്ച് പുട്ടുസ്വാമി ഗൗഡയുടെ ആസ്തി 1267 കോടിയാണ്. ആദ്യത്തെ പത്ത് അതിസമ്പന്നരായ നിയമസഭാംഗങ്ങളുടെ പട്ടികയില്‍ നാലും ആന്ധ്രാപ്രദേശില്‍ നിന്നാണ്. ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്ര ബാബു നായിഡു 931 കോടി, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ,757 കോടി, ആന്ധ്രയിലെ ടിഡിപി എംഎല്‍എമാരായ പി നാരായണ, 824 കോടി, വി പ്രശാന്തി റെഡ്ഡി 716 കോടി എന്നിങ്ങനെയാണ് ആസ്തി നിരക്ക്. നിയമസഭാംഗങ്ങളുടെയെല്ലാം ആസ്തി കണക്കാക്കിയാല്‍ 14,179 കോടിയുമായി കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്. 223 എംഎല്‍എമാരാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയിലെ 286 എംഎല്‍എമാരുടെ മൊത്തം ആസ്തി 12,424 കോടിയും 174 പേരുള്ള ആന്ധ്രാപ്രദേശ് എംഎല്‍എമാരുടെ ആസ്തി 11323കോടിയുമാണ്. അതേസമയം കുറഞ്ഞ നിയമസഭാംഗ ആസ്തിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് 60 നിയമസഭാംഗങ്ങളുള്ള ത്രിപുരയാണ്. 90 കോടിയാണ് ഇവരുടെ മൊത്തം ആസ്തി. രണ്ടാം സ്ഥാനത്ത് മണിപ്പൂരും മൂന്നാം സ്ഥാനത്ത് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ്. 59പേരുള്ള മണിപ്പൂര്‍ എംഎല്‍എമാരുടെ ആസ്തി 222 കോടിയും 30 അംഗങ്ങളുള്ള പുതുച്ചേരി എംഎല്‍എമാരുടെ ആകെ ആസ്തി 297 കോടിയുമാണ്. 4092 നിയമസഭാംഗങ്ങളുടെ മൊത്തം ആസ്തി 73348 കോടിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1653 ബിജെപി എംഎല്‍എമാരുടെ പക്കലായി 26,270 കോടിരൂപയാണുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആകെ ആസ്തി 17357 കോടിയും 134 ടിഡിപി നിയമസഭാംഗങ്ങളുടെ ആസ്തി 9108 കോടിയുമാണ്. അതേസമയം എഎപി എംഎല്‍എമാരുടെ മൊത്തം ആസ്തി 7.33 കോടി മാത്രമാണ്.