ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും മുഖ്യമന്ത്രിയായി വനിതാ നേതാവ്. ബിജെപി നേതാവ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇന്നു വൈകീട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തത്.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും സ്പീക്കർ. നിലവിൽ മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തിൽ 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. വൈകീട്ട് ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു. തുടർന്ന് എംഎൽഎമാരുമായി സംഘം ചർച്ച നടത്തിയാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. വ്യാഴാഴ്ച രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ.
മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അട്ടിമറിച്ചാണ് പർവേശ് ശർമ ഉപമുഖ്യമന്ത്രി പദത്തിലെത്തിയിരിക്കുന്നത്. 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയത് എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖർ, സിനിമാ താരങ്ങൾ, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങിയ ഒട്ടേറെ പേർ വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കും.
അതേസമയം ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാവൽ മുഖ്യമന്ത്രി അതിഷിയെയും, ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവിനെയും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഡൽഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്ക് ഗവർണർ ഡൽഹി മുഖ്യമന്ത്രിക്ക് ഗവർണർ സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ഡൽഹിയെന്ന മുദ്രാവാക്യമുയർത്തിയാണ് ചടങ്ങ്. വികസിത് ഡൽഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെയായിരിക്കും ബിജെപി നിയോഗിക്കുക എന്ന വാർത്തകൾ നേരത്തെതന്നെ പുറത്തുവന്നിരുന്നു. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, ആഷിഷ് സൂദ്, ഷിഖ റോയ്, രേഖ ഗുപ്ത എന്നിവരുടെ പേരുകളാണ് അവസാന പട്ടികയിലുണ്ടായിരുന്നത്.