തിരുവനന്തപുരം: ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം, ഇടത് സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്ന് ഷാൾ സ്വീകരിച്ച് അംഗത്വമെടുത്തു. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്നയാളാണ് റെജി ലൂക്കോസ്. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് ബിജെപിയിൽ ചേർന്ന ശേഷം റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ റെജി ലൂക്കോസ് ഇനി മുതൽ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമെന്നും വ്യക്തമാക്കി.
‘കേരളത്തിൽ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം. പുതിയ തലമുറ നാടുവിടുകയാണ്. അവരെ ഇവിടെ പിടിച്ചുനിർത്തണം. പഴയ ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ട് പോയാൽ നമ്മുടെ നാട് ഒരു വൃദ്ധസദനമായി മാറും. ബിജെപിയുടെ ദേശീയ നേതൃത്വം പകർന്നുനൽകുന്ന വികസനവും ആശയങ്ങളും എന്നെ കുറേ നാളുകളായി സ്വാധീനിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അവിടുത്തെ വികസനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തിൽ വികസനം ഇല്ലെന്ന് പറയുന്നില്ല. ബിജെപി വർഗീയവാദികളാണെന്നാണ് പറയുന്നത്.
പക്ഷേ നിർഭാഗ്യവശാൽ എന്റെ പാർട്ടി കുറച്ചു മാസങ്ങളായി നടത്തി വരുന്നത് വർഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണെന്നും റെജി ആരോപിച്ചു. അത് എന്നെ ദുഃഖിപ്പിച്ചു. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വികസന ആശയങ്ങളും എന്നെ സ്വാധീനിച്ചു. ഞാനൊരു സിപിഎം അംഗമായിരുന്നു. അത് അവസാനിപ്പിച്ചു. കുറേ നാളുകളായി ബിജെപിയുടെ ആശയം എന്റെ ഉള്ളിലുണ്ട്. കേരളത്തിൽ ബിജെപി അധികാരം ലഭിക്കും- ബിജെപി അംഗത്വം സ്വീകരിച്ച ശേഷം റെജി ലൂക്കോസ് പറഞ്ഞു.
















































