അഹമ്മദാബാദ്: വിദേശ പര്യടനത്തിന് പോയാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചിലർ, ചില മോശം കാര്യങ്ങളിൽ ഏർപ്പെടുന്നെന്ന് സൂപ്പർ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജയുടെ വെളിപ്പെടുത്തൽ. ചില താരങ്ങൾക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാർമികതയ്ക്ക് നിരക്കാത്തത് ചെയ്യാറുണ്ടെന്നും റിവാബ ആരോപിച്ചു. എന്നാൽ തൻറെ ഭർത്താവ് വളരെ മാന്യമായാണ് പുറത്തും പെരുമാറിയിട്ടുള്ളതെന്നും സ്വന്തം തൊഴിലിനെ കുറിച്ച് നല്ല ബോധ്യവും ഉത്തരവാദിത്ത ബോധവും ഉള്ളവനാണ് ജഡേജയെന്നും ഗുജറാത്തിലെ ദ്വാരകയിൽ നടന്ന ഒരു രാഷ്ട്രീയ ചടങ്ങിൽ സംസാരിക്കുന്നതിനിടെ റിവാബ പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘‘ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളിൽ എത്തിയിട്ടും ഏതെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട കാര്യങ്ങളിലേക്കോ അദ്ദേഹം തിരിഞ്ഞിട്ടില്ല.’’– റിവാബ പറഞ്ഞു. മറ്റുതാരങ്ങൾ സദാചാര വിരുദ്ധമായ പല പ്രവർത്തികളിലും ഏർപ്പെട്ടിട്ടുണ്ടെന്നും ജഡേജ അതിൽ നിന്നെല്ലാം ഒഴിഞ്ഞ് നിൽക്കുന്നത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്ത ബോധം കൊണ്ടാണെന്നും റിവാബ വ്യക്തമാക്കി.
അതേസമയം, എന്തു പ്രവർത്തിയെന്നോ, ആരൊക്കെയാണെന്നേ തുടങ്ങിയ കാര്യങ്ങൾ റിവാബ വെളിപ്പെടുത്തിയില്ല. റിവാബയുടെ പ്രസംഗം വൈറലായതോടെ വിവാദങ്ങളും തലപൊക്കിക്കഴിഞ്ഞു. റിവാബ പറഞ്ഞത് സത്യമാണെങ്കിൽ രാജ്യത്തിന് കൂടി നാണക്കേടാണ് താരങ്ങളുടെ പ്രവർത്തിയെന്നു ചിലർ ആരോപിച്ചു. ഇതിനിചെ ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമായി പറയാതെ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയല്ലെന്നും വിമർശനം ഉയരുന്നുണ്ട്.
“मेरे पति (रवींद्र जडेजा , क्रिकेटर)को लंदन , दुबई, ऑस्ट्रेलिया जैसे अनेकों देशों में खेलने के लिए जाना होता है फिर भी आज दिन तक उन्होंने कभी व्यसन नहीं किया क्योंकि वो अपनी जवाबदारी को समझते हैं @Rivaba4BJP जी , शिक्षा मंत्री गुजरात सरकार #Rivabajadeja #ravindrajadeja pic.twitter.com/OyuiPFPvVa
— राणसिंह राजपुरोहित (@ransinghBJP) December 10, 2025















































