ദുബായ്: ഒരു ഔട്ടോടെ കിളി പോയിരിക്കുകയാണ് നമ്മുടെ വിരാട് കോലിയുടെ… എന്താണ് സംഭവിച്ചതെന്ന് കണ്ണിന് മനസിലാകുന്നതിലും വേഗത്തിലൊരു ക്യാച്ച്. അങ്ങനെയായിരുന്നു വിരാട് കോലിയുടെ മടക്കം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. 14 പന്തുകൾ നേരിട്ട കോലി, രണ്ടു ഫോറുകൾ സഹിതം 11 റൺസുമായി മികച്ച തുടക്കമിട്ടതിനു പിന്നാലെയാണ്, മാറ്റ് ഹെൻറിയുടെ പന്തിൽ ഫിലിപ്സിന് ക്യാച്ച് അതിമനോഹരമായൊരു ക്യാച്ചെടുത്തത്. ഇതോടെ സംഭവം എന്താണെന്നു കത്തിയില്ലെങ്കിലും ഔട്ടാണെന്നു മനസിലായി.
ഏതായാലും കോലിക്ക് സംഗതിയുടെ കിടപ്പുവശം ഡ്രസിങ് റൂമിലെത്തിയിട്ടും പിടികിട്ടിയില്ലെന്നു മനസിലായതോടെ കളി കണ്ട രവീന്ദ്ര ജഡേജ വിശദീകരിക്കുന്ന വീഡിയോ പുറത്ത്. ഓരോ ആക്ഷനും കാണിച്ചുകൊണ്ടാണ് കോലിയുടെ ഔട്ട് ജഡേജ വിശദീകരിക്കുന്നത്.
ഇന്ത്യൻ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് വിരാട് കോലിയെ ഉൾപ്പെടെ ഞെട്ടിച്ച ഗ്ലെൻ ഫിലിപ്സിന്റെ മാന്ത്രിക ക്യാച്ച് സംഭവിച്ചത്. മാറ്റ് ഹെൻറിയുടെ ഏഴാം ഓവറിൽ ഡബിളുമായാണ് കോലി തുടക്കമിട്ടത്. അടുത്ത പന്തിൽ റണ്ണില്ല. മൂന്നാം പന്തിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ കോലിക്ക് ബൗണ്ടറി. എന്നാൽ, നാലാം പന്തിൽ വീണ്ടും ബൗണ്ടറി ലക്ഷ്യമിട്ട കോലിയെ ഭാഗ്യം തെല്ലും തുണച്ചില്ല. ഇത്തവണ ബാക്ക്‌വാഡ് പോയിന്റിൽ അത്യുജ്വലമായ ക്യാച്ചിൽ കോലിയുടെ ഇന്നിങ്സിന് ഫിലിപ്സ് വിരാമമിട്ടു. ഏതാനും ദിവസം മുൻപ് പാക്കിസ്ഥാനെതിരെയും അത്യുജ്വലമായ ഒരു ക്യാച്ചുമായി ഫിലിപ്സ് വിസ്മയം സൃഷ്ടിച്ചിരുന്നു.
അതേസമയം ചാമ്പ്യന്‍സ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ 250 റണ്‍സ് വിജയക്ഷ്യമുയര്‍ത്തി ഇന്ത്യ. അപ്രതീക്ഷിതമായി മുന്‍നിര തകര്‍ന്നപ്പോള്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍- അക്ഷര്‍ പട്ടേല്‍ സഖ്യത്തിന്റെ മികവില്‍ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. 98 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 79 റണ്‍സെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 61 പന്തുകള്‍ നേരിട്ട അക്ഷര്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ (2), ആറാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ഏഴാം ഓവറില്‍ വിരാട് കോലി (11) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ മൂന്നിന് 30 റണ്‍സെന്ന നിലയിലായി. എന്നാല്‍ പിന്നീട് ഒന്നിച്ച അയ്യര്‍ – അക്ഷര്‍ സഖ്യം നിലയുറപ്പിച്ച ശേഷം ഇന്നിങ്‌സ് മുന്നോട്ടുനയിക്കുകയായിരുന്നു. സ്‌കോര്‍ 128 ലെത്തിയപ്പോള്‍ അക്ഷര്‍ മടങ്ങിയ ശേഷം കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് അയ്യര്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ വില്യം ഓറുര്‍ക്കെയുടെ പന്തില്‍ അയ്യര്‍ മടങ്ങി. വൈകാതെ 29 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത രാഹുലിനെ മിച്ചല്‍ സാന്റ്‌നറും പുറത്താക്കി. ഏഴാമനായി ഇറങ്ങി 45 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം ഹാര്‍ദിക് പാണ്ഡ്യ 45 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 20 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. കിവീസിനായി മാറ്റ് ഹെന്‍ റി അഞ്ചു വിക്കറ്റ് വീഴ്ത്തി.