കാസർകോട്: റാപ്പർ വേടന്റെ പരിപാടി കാണാൻ പാളം മുറിച്ചു കടക്കാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ(19) നാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് ശിവാനന്ദ മരിച്ചത്. ട്രെയിൻ ഇടിച്ച ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വരാൻ വേണ്ടി പാളം മുറിച്ച് മതിൽച്ചാടി കടക്കാൻ ശ്രമിക്കവേയാണ് ദാരുണ സംഭവമുണ്ടായത്. അതേസമയം പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് കുട്ടികൾ അടക്കം 13 പേർക്ക് പരുക്കേറ്റു. ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രി വിട്ടു.
ടിക്കറ്റുള്ള പരിപാടിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പരിപാടിക്കെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സദസിന് മുൻഭാഗത്തേക്ക് ബാരിക്കേഡ് മറികടന്ന് ആൾക്കാർ ഇടിച്ചുകയറിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. പരിപാടിക്ക് 25000ത്തിലധികം ആളുകൾ കയറിയെന്നാണ് പോലീസിന്റെ അനൗദ്യോഗിക കണക്ക്. നേരത്തെ കാസർകോട് നടന്ന ഹനാൻ ഷായുടെ പരിപാടിക്കിടയിലും സമാന രീതിയിൽ തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടായിരുന്നു. പുതിയ ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രദർശനമേളയിൽ നടന്ന അപകടത്തിൽ 20ഓളം പേരെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.















































