കണ്ണൂർ: മലപ്പട്ടത്ത് കോൺഗ്രസ്– സിപിഎം സംഘർഷത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് അടുവാപ്പുറത്തുനിന്നു മലപ്പട്ടത്തേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ കാൽനട ജാഥയ്ക്കു പിന്നാലെയാണ് മലപ്പട്ടം അങ്ങാടിയിൽ സംഘർഷമുണ്ടായത്.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ കേസെടുത്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ‘‘മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ. പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്’’– രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ ജാഥ അങ്ങാടിയിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുവിഭാഗവും കുപ്പികളും വടികളും എറിയുകയും പോർവിളിക്കുകയും ചെയ്തു. പിന്നീട് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത പൊതുയോഗത്തിന് ശേഷവും സംഘർഷമുണ്ടായി. ഏറ്റുമുട്ടലിൽ ചില പ്രവർത്തകർക്ക് പരുക്കേറ്റു. പോലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരു സംഘങ്ങളേയും പിരിച്ചു വിട്ടത്.
ഇതിനിടെ അടുവാപ്പുറത്ത് നിർമാണത്തിലിരിക്കുന്ന ഗാന്ധിസ്തൂപവും പ്രതിഷേധക്കാർ തകർത്തു. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നതിനിടെയാണ് സ്തൂപം തകർത്തത്. ആദ്യമുണ്ടായിരുന്ന ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് സിപിഎം മലപ്പട്ടത്ത് പ്രതിഷേധ യോഗം സംഘടിപ്പിക്കും.