ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റിൽ ആന്തം പുറത്ത്. “റേജ് ഓഫ് കാന്ത” എന്ന പേരിൽ പുറത്തു വന്ന ഈ ഗാനം ഒരു തമിഴ് – തെലുങ്ക് റാപ് ആന്തം ആയാണ് ഒരുക്കിയിരിക്കുന്നത്. ഝാനു ചന്റർ ആണ് ഗാനത്തിന് ഈണം പകർന്നത്. ചിത്രത്തിന്റെ കഥാ പശ്‌ചാത്തലം സൂചിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ ദൃശ്യങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
തമിഴിനെയും തെലുങ്കിനെയും ഒരൊറ്റ റാപ്പ്-സ്റ്റൈൽ ട്രാക്കിലേക്ക് ലയിപ്പിക്കുന്ന രീതിയിൽ തീവ്രമായ, ആഴമുള്ള വരികളോടെയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഏറെ ഊർജസ്വലമായ താളത്തോടു കൂടിയ ഈ ഗാനത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ട്രെൻഡിങ് ആയി മാറിയിരുന്നു. കലാപത്തിന്റെയും മനക്കരുത്തിന്റെയും അഭിലാഷത്തിന്റെയും ഒരു ശബ്ദരൂപമായാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. സംസ്കാരങ്ങൾ, ഭാഷകൾ, വികാരങ്ങൾ എന്നിവയുടെയെല്ലാം ഏകത്വത്തിന്റെ ആത്മാവിനെ ആണ് ഈ റാപ് ആന്തം പ്രതിഫലിപ്പിക്കുന്നത്. ഗാനത്തിൻ്റെ ഓർക്കസ്ട്രേഷനിൽ ഉള്ള വിൻ്റെജ് ബീറ്റുകളും ചിത്രത്തിൻ്റെ കഥാ പശ്ചാത്തലവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
ചിത്രത്തിലെ രണ്ട് ഗാനങ്ങൾ നേരത്തെ തന്നെ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. “പനിമലരേ” എന്ന വരികളോടെ തുടങ്ങുന്ന ഗാനവും, “കണ്മണീ നീ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവുമാണ് ഇതിനു മുൻപ് ചിത്രത്തിൽ നിന്ന് പുറത്തു വന്നത്.
ഇവ കൂടാതെ, ദുൽഖർ സൽമാന്റെ ജന്മദിനത്തിന് പുറത്തു വന്ന, ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് ടീസർ നൽകിയ സൂചന. ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ കൂടാതെ, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് “കാന്ത” കഥ പറയുന്നത്.
മികച്ചതും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ് തന്നെയാണ്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

















































