തിരുവനന്തപുരം: വാക്‌സീൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായതിനെ തുടർന്ന് ഏഴു വയസുകാരിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ തെരുവ്‌നായ കടിച്ച കൊല്ലം സ്വദേശിനിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പെൺകുട്ടിക്കു വാക്‌സീൻ അവസാന ഡോസ് എടുക്കുന്നതിനു മുൻപ് പനി അനുഭവപ്പെടുകയായിരുന്നു. തുടർന്നു കൊല്ലത്തു ചികിത്സയിലായിരുന്നു കുട്ടിയെ ഇന്നലെയാണ് എസ്എടി ആശുപത്രിയിൽ എത്തിച്ചത്.
ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തിനു കളിച്ചിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. താറാവിനെ ഓടിച്ചുകൊണ്ടുവന്ന നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നിർദേശിച്ച പ്രകാരം ആന്റി റാബിസ് വാക്‌സീൻ ഉൾപ്പെടെയുള്ള ചികിത്സ നൽകിയിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. മൂന്നു ഡോസ് വാക്‌സീൻ എടുത്തു.
നാലാം ഡോസ് എടുക്കുന്നതിനു മുൻപാണ് കുട്ടിക്ക് പനിയുണ്ടായത്. മേയ് 6ന് ആയിരുന്നു നാലം ഡോസ് എടുക്കേണ്ടത്. എന്നാൽ ഏപ്രിൽ 28ന് കുട്ടിക്ക് പനി തുടങ്ങി ആശുപത്രിയിൽ ചികിത്സ തേടി. ഇതേത്തുടർന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് വാക്‌സീൻ എടുത്തിട്ടും പേവിഷബാധയെ തുടർന്ന് അഞ്ചര വയസുകാരി മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് കൊല്ലത്ത് സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.