കോഴിക്കോട്: കേരള ഫിനാൻസ് കോർപ്പറേഷനിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതിനുശേഷം ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ച് മുൻ എംഎൽഎ പി.വി. അൻവർ. തനിക്കെതിരെ കേസെടുത്തത് പിണറായിയുടെ നേരിട്ടുള്ള നിർദേശ പ്രകാരമാണെന്നാണ് വിശ്വസിക്കുന്നതെന്നും അൻവർ ആരോപിച്ചു.
കേരള സർക്കാരെടുക്കുന്ന കള്ളക്കേസുകൾക്കെതിരേ കോടതിയിൽ പോരാട്ടം തുടരുമെന്നും പിണറായിസത്തെ അവസാനിപ്പിക്കാൻ ടീം യുഡിഎഫിനൊപ്പം ജീവനോടെ ഉണ്ടെങ്കിൽ മുന്നിൽത്തന്നെ ഉണ്ടാകുമെന്നും അൻവർ പറഞ്ഞു. അതുപോലെ ഇഡിയുടെ ചോദ്യംചെയ്യലിൽ കൃത്യമായ ഉത്തരം നൽകാനും തന്റെ ഭാഗം വിശദീകരിക്കാനും സാധിച്ചുണ്ട്. അവർ ആ കാര്യങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിവി അൻവറിന്റെ വാക്കുകൾ ഇങ്ങനെ:
ചില വാർത്താ ചാനലുകളിൽ എന്നെ അറസ്റ്റ് ചെയ്തുവെന്ന രീതിയിൽ വാർത്ത വന്നു. ഇതിലൂടെ എന്നെ സ്നേഹിക്കുന്ന ഒരുപാടു പേർക്ക് വലിയ വിഷമങ്ങളും പ്രയാസവും ഉണ്ടായെന്ന് അറിഞ്ഞു. സാമ്പത്തിക ആവശ്യം വന്നപ്പോൾ വായ്പയെടുത്ത വ്യക്തിയാണ് ഞാൻ. ഒൻപത് കോടി രൂപ വായ്പയെടുത്തതിന്റെ ഭാഗമായി അഞ്ച് കോടി 79 ലക്ഷം രൂപ തിരിച്ചടവും നടത്തി. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി തിരിച്ചടവ് മുടങ്ങി. കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിൽനിന്നാണ് വായ്പയെടുത്തത്.
പക്ഷെ, തട്ടിപ്പിനുവേണ്ടി വായ്പയെടുത്തു എന്ന രീതിയിൽ കേരളത്തിലെ വിജിലൻസ് എനിക്കെതിരേ തട്ടിപ്പ് കേസ് റജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണിത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ എഫ്ഐആർ ചൂണ്ടികാണിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. സ്വാഭാവികമായും പരാതി കിട്ടിയാൽ ഇഡിക്ക് അന്വേഷിക്കേണ്ടിവരും. എന്നാൽ ഇഡിക്ക് അന്വേഷിക്കാനായി ഒരു കള്ളക്കേസെടുത്തത് കേരളത്തിലെ വിജിലൻസാണ്.
പിണറായി സർക്കാരിനെതിരേയും പിണറായിസത്തിനെതിരേയും മരുമോനിസത്തിനെതിരേയും ശക്തമായ നിലപാടെടുത്തതോടെയാണ് എന്റെ പേരിൽ നിരവധിയായ കേസുകൾ റജിസ്റ്റർ ചെയ്തുതുടങ്ങിയത്. ഞാൻ പ്രതീക്ഷയർപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയിലാണ്. എനിക്കെതിരേയുള്ള നിരവധിയായ കള്ളക്കേസുകളിൽ എപ്പോഴും ആശ്വാസമായതും നീതി ലഭിച്ചതും കേരളത്തിലെ കോടതികളിൽനിന്നാണ്. ഈ കോടതികളിൽ വിശ്വാസമർപ്പിച്ച്, ഇത്തരത്തിൽ കേരള സർക്കാരെടുക്കുന്ന കള്ളക്കേസുകൾക്കെതിരേ കോടതിയിൽ പോരാട്ടം തുടരും. ഇഡിയുടെ ചോദ്യംചെയ്യലിൽ കൃത്യമായ ഉത്തരം നൽകാനും എന്റെ ഭാഗം വിശദീകരിക്കാനും സാധിച്ചിട്ടുണ്ട്.
അവർ ആ കാര്യങ്ങൾ പരിശോധിക്കുകയാണ്. ഈ ഘട്ടത്തിൽ എന്നോടൊപ്പം നിന്ന് എനിക്കുവേണ്ടി പ്രാർഥിച്ച കേരളത്തിലെ സാധാരണക്കാരായ മനുഷ്യരോട് എന്നും കടപ്പെട്ടിരിക്കും. പിണറായിസത്തെ അവസാനിപ്പിക്കാൻ ടീം യുഡിഎഫിനൊപ്പം നിന്നുകൊണ്ട് ശക്തമായ പോരാട്ടം നയിക്കാൻ ഞങ്ങൾ ഉണ്ടാകും. ജീവനോടെ ഉണ്ടെങ്കിൽ ഇതിനായി മുന്നിൽത്തന്നെ ഞാൻ ഉണ്ടാകുമെന്ന് പിണറായിസത്തിന്റെ വക്താക്കളെ അറിയിക്കുന്നു.














































