കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പിടിവാതിൽക്കലെത്തി നിൽക്കെ, നിലമ്പൂർ പ്രശ്നങ്ങളെ അവിടെ വിട്ട് യുഡിഎഫിനൊപ്പം ചേരാൻ പി.വി. അൻവർ ഒരുങ്ങുന്നതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിനെ അസോഷ്യേറ്റഡ് മെമ്പറാക്കി യുഡിഎഫ് പാളയത്തിലെത്താനുള്ള ചർച്ചകൾ അൻവർ ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഇതിനായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പൻ കൂടിക്കാഴ്ച നടത്തി. എറണാകുളത്ത് വച്ചായിരുന്നു ഇരുവരും കണ്ടത്.
തുടർന്ന് സണ്ണി ജോസഫുമായി പി.വി. അൻവർ ഫോണിൽ സംസാരിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ചശേഷം തീരുമാനം അറിയിക്കാമെന്നും യുഡിഎഫിൽ ചർച്ച വേണമെന്നുമാണ് സണ്ണി ജോസഫ് ഇരുവരെയും അറിയിച്ചെന്നാണ് റിപ്പോർട്ട്. ഒക്ടോബർ പകുതിക്കു മുന്നേ യുഡിഎഫ് നേതാക്കളുമായി ഔദ്യോഗിക ചർച്ച നടത്താനാകുമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ കോൺഗ്രസ്.
അതേസമയം ഉപാധികളില്ലാതെയാണ് യുഡിഎഫുമായി ചർച്ചയെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. പക്ഷെ യുഫിഎഫിലേക്കു വന്നാലും ആര്യാടൻ ഷൗക്കത്തിന്റെ സിറ്റിങ് സീറ്റായ നിലമ്പൂരിൽ അൻവറിനു മത്സരിക്കാനാകില്ല. പകരം മലപ്പുറം ജില്ലയിലെ മറ്റൊരു സീറ്റാണ് അൻവർ ആഗ്രഹിക്കുന്നത്. കോട്ടയം ജില്ലയിലെ ഒരു സീറ്റ് സജി മഞ്ഞക്കടമ്പനു വേണ്ടിയും ചോദിക്കും. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പകുതി വരെ യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന സജിയെ കോട്ടയത്തെ കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുമോയെന്നതാണ് ചോദ്യം.
ഇതിനിടെ യുഡിഎഫുമായി സഖ്യമായില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കണമെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്. ഔദ്യോഗിക പ്രവേശനം ലഭിച്ചില്ലെങ്കിൽ പ്രാദേശിക തലത്തിൽ കോൺഗ്രസുമായി സഹകരണത്തിനുള്ള സാധ്യത തേടാമെന്നും കീഴ്ഘടകങ്ങൾക്കു നിർദേശം നൽകി. കോൺഗ്രസിന്റെ ഗുഡ് ബുക്കിൽ ഇടം നേടി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ മുന്നണി പ്രവേശനം എളുപ്പമാക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ട്.