നിലമ്പൂർ: ഇടതുപക്ഷത്തോടൊപ്പം നിന്ന താൻ എംഎൽഎ സ്ഥാനം രാജിവച്ച് അന്നു പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ വളരെ ഗൗരവത്തോടെ ചർച്ചചെയ്തുവെന്ന് പി.വി. അൻവർ. ഇതുവരെ ഇടതുപക്ഷം സ്വീകരിച്ച വർഗീയ നിലപാടുകളാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വാ തുറന്നാൽ പറയുന്നത് വർഗീയതയാണെന്നും അൻവർ പരിഹസിച്ചു.
‘‘മുൻപ് ഇടതുപക്ഷം വർഗീയതയ്ക്ക് എതിരെ നിലകൊണ്ട, തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമായിരുന്നു. ഈ രണ്ട് നിലപാടിൽ നിന്നും വ്യതിചലിച്ച് കേരളത്തെ പരിപൂർണമായും വർഗീയവത്കരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന് അടിമപ്പെട്ടതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം സർക്കാരിൽ എടുത്ത പല നിലപാടുകളും. തൊഴിലാളികൾക്കു വേണ്ടി നിലകൊണ്ടിരുന്ന പാർട്ടി പരിപൂർണമായും തൊഴിലാളി വിരുദ്ധമായി. അദാനി അടക്കം പങ്കാളികളാണ് എന്ന് പറയുന്നതിൽ അഭിമാനം കൊണ്ടു. ആശാ വർക്കർമാരുടെ മാസങ്ങളായി തുടർന്ന സമരം ഈ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്വർണക്കൊള്ളയും സർക്കാരിനുള്ള പങ്കും എല്ലാവരും വലിയ ഗൗരവത്തിൽ ചർച്ച ചെയ്തതാണ്”.
അതുപോലെ പിണറായിസത്തിനെതിരായ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സർക്കാരിന് തുടരാനുള്ള അവകാശം എന്നോ നഷ്ടപ്പെട്ടതാണ്. എന്നാൽ, പിണറായിയെ പോലെ ഒരാളിൽ നിന്ന് ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ല. ഏറ്റവും വലിയ വർഗീയത പറയുന്നയാളെ പുകഴ്ത്തിയയാളാണ് മുഖ്യമന്ത്രി. ബിജെപി പോലും വർഗീയതയിൽ നിന്ന് മാറിനിന്ന് വികസനം പറയുമ്പോൾ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വാ തുറന്നാൽ വർഗീയത മാത്രം പറയുകയാണ്. അവരുടെ ദുരുദ്ദേശമാണ് കേരളത്തിലെ മതേതര സമൂഹം തള്ളിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുപക്ഷത്തിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും അൻവർ പറഞ്ഞു.


















































