നടി ആക്രമിക്കപ്പെട്ട കേസിൽ നീതി പൂർണമായി നടപ്പിലാക്കി എന്ന് പറയാൻ കഴിയില്ലെന്നും കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളുവെന്നും ആസൂത്രണം ചെയ്തവർ ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും നടി മഞ്ജു വാര്യർ. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധി വന്നതിനുശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മഞ്ജു വാര്യർ പ്രതികരിച്ചത്.
ഇതു ആസൂത്രണം ചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അത് കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണെന്നും അവർ കുറിച്ചു.
മഞ്ജു വാര്യരുടെ കുറിപ്പ് ഇങ്ങനെ
‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാനാവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളു. പോലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അത് കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയയുർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാവണം. ഉണ്ടായേ തീരൂ. അന്നും ഇന്നും എന്നും അവൾക്കൊപ്പം.’






