കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം പരിഹാസവുമായി പിവി അൻവർ രംഗത്ത്. ഈ മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കയ്ക്ക് പോകുന്നുവെന്ന് അൻവർ വിമർശിച്ചു. പ്രതിപക്ഷത്തിനു ധൈര്യമുണ്ടോ പിണറായിയുടെ കുത്തിനു പിടിച്ചുനിർത്തി യാത്ര തടയാനെ്ന്നും അൻവർ വെല്ലുവിളിച്ചു.
പിണറായിയുടെ അമേരിക്കൻ യാത്ര തടയാനുള്ള ധാർമിക ഉത്തരവാദിത്തമെങ്കിലും പ്രതിപക്ഷം കാണിക്കണം. മുഖ്യമന്ത്രിയെ വിമാനത്താവളത്തിലേക്കു കയറ്റി വിടരുത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുത്തിന് പിടിച്ച് നിർത്തണമെന്നും അൻവർ പറഞ്ഞു. എയർപോർട്ടിൽ കയറാൻ സമ്മതിക്കരുത്. അതിനു സാധിക്കുമോയെന്നും അൻവർ പ്രതിപക്ഷത്തോട് ചോദിച്ചു. പ്രതികരിക്കേണ്ടവർ പ്രതികരിക്കുന്നില്ലെന്ന വിമർശനവും ഉന്നയിച്ചു.
അതുപോലെ കെട്ടിടം തകർന്ന് വീണ് രോഗികൾ മരിക്കുമ്പോഴും പിണറായി വീമ്പു പറയുകയാണ്. കേരളത്തിൽ അല്ലേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രൈവറ്റ് ആശുപത്രികൾ ഉള്ളത്. കോടിയേരി മരിച്ചപ്പോൾ ധൃതിയിൽ സംസ്കാര ചടങ്ങുകൾ നടത്തി നാട് വിട്ട ആളാണ് മുഖ്യമന്ത്രി. അതിപ്പോഴും അങ്ങനെ തന്നെ. എന്ത് തോന്നിവാസവും കേരളത്തിൽ നടത്താലോ. ചോദിക്കാൻ ആളില്ലല്ലോയെന്നും അൻവർ പരിഹസിച്ചു.
പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും ആഫ്റ്റർ ഇഫ്‌ക്ട് ആണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. സിപിഎം മുതിർന്ന നേതാവായ പി ജയരാജനു പോലും പറഞ്ഞ കാര്യങ്ങൾ മാറ്റി പറയേണ്ടി വന്നെന്നു അൻവർ ചൂണ്ടികാട്ടി. ആർഎസ്എസുകാരനായ ഒരാളെ ഡിജിപിയാക്കിയിട്ടും ഇവിടെയാരും ചോദിക്കാൻ ഇല്ലെന്നും തൃണമൂൽ നേതാവ് വിമർശിച്ചു.
അതേസമയം വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുമായും ചർച്ചയ്ക്കില്ല. പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ചാകും തെരഞ്ഞെടുപ്പിനെ നേരിടുക. ഈ സർക്കാരിന് കീഴിൽ സാധാരണക്കാരായ ആളുകൾക്ക് നീതി നിഷേധിക്കപ്പെടുന്നു. കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഒരു രാഷ്ട്രിയ പാർട്ടിയുടെയും വാതിലിൽ മുട്ടാൻ ഇനി ഇല്ല. പഞ്ചായത്തുകളിൽ സാമൂഹിക സംഘടകളുമായി യോജിച്ച് മത്സരിക്കുമെന്നും അൻവർ പറഞ്ഞു.