നിലമ്പൂർ: നിയമസഭയിലേക്ക് നിലമ്പൂരിൽ നിന്നു സത്യപ്രതിജ്ഞ ചെയ്യാൻ കാൽനടയായി പോകുമെന്ന് പി.വി. അൻവർ. ഇത് തന്റെ അമിതമായ ആത്മവിശ്വാസമല്ലെന്നും ജനങ്ങളെ അറിയാവുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു.
‘പി.വി. അൻവർ ഒറ്റക്കല്ല നിയമസഭയിലേക്ക് പോകുക. നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായിട്ടാണ് സത്യപ്രതിജ്ഞചെയ്യാൻ പോകുക. ഇക്കാര്യം ചർച്ച ചെയ്തുകഴിഞ്ഞു. ചിലപ്പോൾ കാൽനടയായി ഒരാഴ്ചയെടുത്തായിരിക്കും പോകുക. അങ്ങനെയും ആലോചിക്കുന്നുണ്ട്. ഇത് സംഭവിക്കും. അമിതമായ ആത്മവിശ്വാസമല്ല. അത് ജനങ്ങളെ എനിക്ക് അറിയുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണ്. എന്റെ പോരാട്ടം മലയോര കർഷകർക്ക് വേണ്ടിയാണ്. ചെറുതായിട്ട് തുടങ്ങിയിട്ടേയുള്ളൂ. റിസൾട്ട് വന്നതിന്റെ പിറ്റേദിവസം പോരാട്ടത്തിന് ആരംഭം കുറിക്കും’, അദ്ദേഹം പറഞ്ഞു.
ഇന്ന് വോട്ടുചെയ്യുന്ന വോട്ടർ നാളെ രാവിലെ ഇവിടെ ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നാട്ടിലാണ് ഞങ്ങൾ ജീവിക്കുന്നത്. മനുഷ്യരേയും മൃഗങ്ങളേയും വേർതിരിക്കുന്ന ഒരു വേലികെട്ടിത്തരണമെന്ന് മാത്രമേ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നുള്ളൂ. അല്ലാതെ ആകാശത്തെ അമ്പിളിമാമനെ പിടിച്ചുകൊണ്ടുതരണമെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ല. ആന ചവിട്ടിക്കൊന്നാലും കരടി കടിച്ചു തിന്നാലും പത്തുലക്ഷം.
ഒരു മനുഷ്യ ജീവന് പിണറായി വിജയൻ വിലയിട്ടത് പത്ത് ലക്ഷം രൂപയാണ്. എന്നാൽ അദ്ദേഹത്തിന്റെ മരുമകന് വെറും രണ്ട് മിനിറ്റുള്ള റീൽ ഉണ്ടാക്കാൻ വേണ്ടത് 9.9 ലക്ഷം രൂപയാണ്. ആ രണ്ട് മിനിറ്റ് റീലിന്റെ വിലയാണ് പിണറായി വിജയൻ മലയോരത്ത് ജീവിക്കുന്ന മനുഷ്യർക്ക് ഇട്ടിരിക്കുന്ന വില. ഈ ജാതി സഖാക്കളെ നിലമ്പൂരിലെ ജനങ്ങൾ ആട്ടിവിടാൻ പോകുകയാണ്, പി.വി. അൻവർ പറഞ്ഞു.
അതുപോലെ തനിക്ക് ലഭിക്കുന്ന വോട്ട് 75,000-ലൊന്നും നിൽക്കില്ലെന്നും രണ്ടുദിവസംകഴിഞ്ഞ് കാണാം. സിപിഎം മുതലാളിപ്പാർട്ടിയായി മാറി. അദാനി, അംബാനിമാർ പാർട്ണർമാരായിമാറി. തൊഴിലാളിവർഗത്തെക്കുറിച്ച് സംസാരിച്ചിരുന്ന പാർട്ടി, മതവർഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന ദുരന്തത്തിലേക്ക് എത്തിച്ചത് പിണറായിസമാണെന്നും അൻവർ കൂട്ടിച്ചേർത്തു.


















































