മുംബൈ: ഭർത്താവ്, ഭാര്യയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പുണെയിലെ സർക്കാർ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. ഇതിനുപുറമേ ഗാർഹിക, സ്ത്രീധന പീഡനക്കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. തന്നെ ഭർത്താവും ഇയാളുടെ കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചെന്നും ഇതിനുപുറമേയാണ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്നുമാണ് സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ പരാതി.
2020-ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ തന്നെ ഭർത്താവ് സംശയത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും ഉപദ്രവം ആരംഭിച്ചെന്നും പരാതിക്കാരി പറയുന്നു. കൂടാതെ ഭർത്താവും ഭർതൃ വീട്ടുകാരും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവിച്ചു. സ്ത്രീധനമായി കൂടുതൽ പണവും കാറും വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരുന്നതെന്നും പരാതിക്കാരി ആരോപിച്ചു.
അതോടൊപ്പം തന്നെ നിരീക്ഷിക്കാനായി വീടിന്റെ പലയിടങ്ങളിലും ഭർത്താവ് ഒളിക്യാമറകൾ സ്ഥാപിച്ചു. കുളിമുറിയിലടക്കം ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി. ജോലിസ്ഥലത്തുപോലും തന്നെ നിരീക്ഷിക്കാനെത്തി. പിന്നീട് കാർ, ഭവന വായ്പകൾ അടയ്ക്കാനായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് ഭർത്താവ് ഭീഷണിപ്പെടുത്തിയതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
അതേസമയം യുവതിയുടെ പരാതിയിൽ ഭർത്താവിനും ഇയാളുടെ കുടുംബാംഗങ്ങളായ ഏഴുപേർക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. എന്നാൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ വീട്ടിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. യുവതിയുടെ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.