ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിയുടെ ‘ഉത്തരവാദിത്വമില്ലായ്മ’യെയാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന പ്രത്യേക ചർച്ചയിലായിരുന്നു പ്രിയങ്കയുടെ വിമർശനം.
ആഭ്യന്തര മന്ത്രി അമിത് ഷാ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും, തന്റെ അമ്മയുടെ കണ്ണുനീരിനെക്കുറിച്ചും സംസാരിച്ചു, പക്ഷെ ശത്രുവിന് പോകാൻ ഒരിടവുമില്ലാതിരുന്ന സമയത്ത് എന്തിനാണ് യുദ്ധം നിർത്തിവെച്ചതെന്തിനെന്ന് ഇതുവരെ ഉത്തരം നൽകിയില്ല. നേതൃത്വം എന്നത് പ്രശംസ നേടുക മാത്രമല്ല, ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം.
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു യുദ്ധം നിർത്തൽ. ആ തീരുമാനം യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കുന്നതും ചരിത്രത്തിൽ ആദ്യമാണ്. ഇത് നമ്മുടെ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതുപോലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഉത്തരവാദിത്വമല്ലേയെന്ന് അവർ ചോദിച്ചു. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ബൈസരൻ താഴ്വരയിലേക്ക് പോകുന്ന കാര്യം സർക്കാരിന് അറിയില്ലായിരുന്നോ… എന്തുകൊണ്ടാണ് അവിടെ സുരക്ഷയില്ലാതിരുന്നത്?. ഇത്തരമൊരു നിഷ്ഠൂരമായ ഭീകരാക്രമണം നടക്കാൻ പോവുകയാണെന്നും പാക്കിസ്ഥാനിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഒരു രഹസ്യാന്വേഷണ ഏജൻസിക്കും അറിവുണ്ടായിരുന്നില്ലേയെന്നും പ്രിയങ്ക ചോദിച്ചു.
സർക്കാരിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും വലിയ പരാജയമാണ് ഇവിടെ കാണാൻ സാധിക്കുക. ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ആരെങ്കിലും രാജിവച്ചോ? അവർ ഭൂതകാലത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു, എന്നാൽ വർത്തമാനകാലത്ത് നടക്കുന്നതിനെക്കുറിച്ച് ആര് ഉത്തരം പറയുമെന്നും പ്രിയങ്ക ചോദിച്ചു.