ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്രയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റായ്ഹാൻ വാദ്രയ്ക്ക് വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ. ഏഴ് വർഷമായി പ്രണയത്തിലായിരുന്ന അവിവ ബൈഗിനോട് 25 കാരനായ റായ്ഹാൻ ഈ അടുത്തിടെ വിവാഹാഭ്യർത്ഥന നടത്തിയത്. അവിവ സമ്മതം അറിയിച്ചതായി എൻഡിടിവിയെ ഉദ്ധരിച്ച് വൃത്തങ്ങൾ അറിയിച്ചു.
ഇരുകുടുംബങ്ങളും ബന്ധത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഡൽഹി ആസ്ഥാനമായ കുടുംബത്തിലാണ് അവിവ ബൈഗ്. രണ്ട് കുടുംബങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
വിഷ്വൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ റായ്ഹാൻ വാദ്ര പത്ത് വയസുമുതൽ ഫോട്ടോഗ്രഫിയിൽ സജീവമാണ്. മുംബൈ കൊളാബയിൽ പ്രവർത്തിക്കുന്ന സമകാലീന കലാഗാലറിയായ APRE ആർട്ട് ഹൗസിൽ ലഭ്യമായ ബയോ പ്രകാരം, വന്യജീവി, സ്ട്രീറ്റ്, കമർഷ്യൽ ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളിൽ സജീവമാണ്.
2021-ൽ ന്യൂഡൽഹിയിലെ ബികാനർ ഹൗസിൽ ‘ഡാർക്ക് പെർസെപ്ഷൻ’ എന്ന പേരിൽ റായ്ഹാൻ തന്റെ ആദ്യ സോളോ പ്രദർശനം നടത്തി. 2017-ൽ സ്കൂൾ ക്രിക്കറ്റ് മത്സരത്തിനിടെ കണ്ണിനുണ്ടായ പരിക്കുനു ശേഷം വെളിച്ചം–ഇരുട്ട് അനുഭവങ്ങളാണ് പ്രദർശനത്തിൽ കൂടുതലും പ്രമേയമാകുന്നത്.
“കണ്ണ് അപകടത്തിന് ശേഷം ഞാൻ കൂടുതൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഷൂട്ടുകളിലേക്ക് മാറി. ഇരുട്ടിലൂടെ വെളിച്ചം തേടുന്ന കാഴ്ചബോധമാണ് എന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം,” റായ്ഹാൻ എൻഡിടിവിയോട് പറഞ്ഞു.
അതേസമയം അമ്മ പ്രിയങ്കാ ഗാന്ധി വാദ്രയുടെ പ്രോത്സാഹനമാണ് ബാല്യകാലം മുതൽ ഫോട്ടോഗ്രഫിയിലേക്കു തിരിയാനുള്ള കാരണത്തിനു പിന്നിൽ. അതേസമയം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും ഫോട്ടോഗ്രഫിയോട് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നുവെന്നും റായ്ഹാൻ അദ്ദേഹത്തിന്റെ കൃതികൾ പഠിക്കാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം അവിവ ബൈഗ് ഒരു ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണെന്ന് അവരുടെ ഇൻസ്റ്റഗ്രാം ബയോയിൽ വ്യക്തമാക്കുന്നു.
















































