മാനന്തവാടി: കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്ത് വീർ ജവാൻ തലച്ചിറ ജനീഷ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ‘‘രാജ്യത്തെ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചാണ് മഹാത്മാഗാന്ധി സംസാരിച്ചത്. കരുത്തുറ്റ പഞ്ചായത്ത് സംവിധാനമെന്നത് മഹാത്മജിയുടെ സ്വപ്നമായിരുന്നു. എന്റെ പിതാവ് രാജീവ് ഗാന്ധി പഞ്ചായത്ത്‌രാജ് നടപ്പിലാക്കിയതിലൂടെ ആ സ്വപ്നം സഫലമായി.’’– പ്രിയങ്ക പറഞ്ഞു.
നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച മകനു വേണ്ടി സ്മാരകം പണിയണമെന്ന പിതാവിന്റെ ആഗ്രഹം നടപ്പിലാക്കി കൊടുത്ത പഞ്ചായത്തിന്റെ നടപടി ശ്ലാഹനീയമാണെന്നും എംപി പറഞ്ഞു. 2003ൽ ആണ് കശ്മീരിലെ രജൗറിയിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ജനീഷ് വീരമൃത്യു വരിച്ചത്. ‘നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചുനൽകാനാകില്ല. അമ്മയെന്ന നിലയിലും രക്തസാക്ഷിയുടെ മകളെന്ന നിലയിലും ആ അമ്മയുടെ വേദനകൾ മനസിലാക്കുന്നു. രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ചവരാണവർ. നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് രക്തസാക്ഷികളുടെ പോരാട്ടം കൊണ്ടാണ്. ഓരോ സ്മാരകങ്ങളും എത്രയോ മനുഷ്യരുടെ ത്യാഗത്തിന്റെ ഓർമപ്പെടുത്തലുകളാണ്’ – പ്രിയങ്ക പറഞ്ഞു.