‘ലൂസിഫര്‍’ പോലൊരു ബ്രഹ്‌മാണ്ഡ സിനിമയുടെ പ്രോജക്ടുമായി ഇതുവരെ ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ഒരാള്‍ സമീപിച്ചപ്പോള്‍ ഉടനടി സമ്മതിക്കാന്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൃഥ്വിരാജ്.
മുരളി ഗോപിയും പൃഥ്വിരാജും ചേര്‍ന്ന് ഒരു മോശം സിനിമ ഒരിക്കലും നിര്‍മിക്കില്ലെന്ന ബോധ്യമാണ് തന്റെ ആത്മവിശ്വാസത്തിന് കാരണമെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഈ ആത്മവിശ്വാസമായിരുന്നു തനിക്കുണ്ടായ വലിയ സമ്മര്‍ദ്ദമെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘ദ് ഹോളിവുഡ് റിപ്പോര്‍ട്ടറി’ന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജും മോഹന്‍ലാലും മനസ്സു തുറന്നത്.
ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ”ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്താണ് ഞാന്‍ ഫിലിംമേക്കിങ് പഠിച്ചത്. ഒരു ആക്ഷന്‍ ഡയറക്ടറെ നിയോഗിക്കാന്‍ കഴിയാത്ത സിനിമകളില്‍ ആക്ഷന്‍ സീക്വന്‍സ് ഞാന്‍ ചെയ്തിരുന്നു. എന്റെ സംവിധായകര്‍ എന്റെ ഈ താല്‍പര്യം തിരിച്ചറിഞ്ഞപ്പോള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. പേരെടുത്തു പറയുകയാണെങ്കില്‍ സംവിധായകന്‍ പദ്മകുമാര്‍. അദ്ദേഹത്തിന്റെ ആദ്യകാല സിനിമയായിരുന്നു ‘വര്‍ഗം’. 2006ലാണ് അത് റിലീസ് ചെയ്തത്. ആ സിനിമയിലാണ് ഞാന്‍ ശരിക്കും ഒരു ആക്ഷന്‍ രംഗം സംവിധാനം ചെയ്തത്. അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടമായതുകൊണ്ട് അടുത്ത സിനിമയുടെ ക്ലൈമാക്‌സ് എന്നെക്കൊണ്ടു തന്നെ ചെയ്യിപ്പിച്ചു. ‘വാസ്തവം’ സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സ് ഞാനാണ് ഷൂട്ട് ചെയ്തത്. പിന്നീടും പല സിനിമകളിലും ഞാന്‍ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ ആക്ഷന്‍ രംഗങ്ങളുടെ ഗ്രാമര്‍ പഠിച്ചെടുത്തത്. ആക്ഷന്‍ രംഗങ്ങളില്‍ ഒരുപാട് കട്ടുകള്‍ വരും. ആ എഡിറ്റുകള്‍ മനസ്സില്‍ കണ്ടു വേണം അതു ഷൂട്ട് ചെയ്യാന്‍. ആ സമയത്ത് ഫിലിമിലാണ് ഷൂട്ട് ചെയ്തിരുന്നത്. അത് ചെലവേറിയ പരിപാടിയാണ്. കൃത്യമായ ആസൂത്രണമില്ലാതെ ഷൂട്ട് ചെയ്താല്‍ ഫിലിം റോള്‍ നഷ്ടമാകും. അതെല്ലാം കണക്കുകൂട്ടിയാണ് ഷൂട്ട് ചെയ്യുക. അങ്ങനെയാണ് ഞാന്‍ ഇതിന്റെ സാങ്കേതികത്വം പഠിച്ചെടുത്തത്. അതുകൊണ്ടു തന്നെ എനിക്ക് ആക്ഷന്‍ ഷൂട്ട് ചെയ്യുന്നത് വളരെ ഇഷ്ടമാണ്. നിങ്ങള്‍ ആക്ഷന്‍ ഷൂട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുകയും ക്യാമറയ്ക്കു മുന്‍പില്‍ മോഹന്‍ലാല്‍ എന്ന താരത്തെ ലഭിക്കുകയും ചെയ്താല്‍ പിന്നെ സംഭവിക്കുക എന്തായിരിക്കും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. അദ്ദേഹവും ആക്ഷന്‍ ഏറെ ആസ്വദിക്കുന്ന ആളാണ്.”
‘എമ്പുരാനി’ലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചും പൃഥ്വിരാജ് വാചാലനായി. ”എമ്പുരാനില്‍ ഡ്യൂപ്പിട്ട് ഒരു രംഗവും ചിത്രീകരിച്ചിട്ടില്ല. ഒറ്റ ഫേസ് റീപ്ലേസ്‌മെന്റ് ഷോട്ടും ഇല്ല. മോഹന്‍ലാല്‍ തന്നെയാണ് എല്ലാ ആക്ഷനും ചെയ്തിരിക്കുന്നത്. ഒടിടിയില്‍ വരുമ്പോള്‍ ഓരോ ഷോട്ടും പോസ് ചെയ്ത് നോക്കിക്കോളൂ. ദൈര്‍ഘ്യമുള്ള ആക്ഷന്‍ കൊറിയോഗ്രഫിയാണ് ചിത്രത്തില്‍ ഞാനും ആക്ഷന്‍ കൊറിയോഗ്രഫര്‍ സില്‍വയും പരീക്ഷിച്ചിരിക്കുന്നത്. ഒരു ട്രാക്കില്‍ അഞ്ചു ക്യാമറകള്‍ വച്ചാണ് ചില ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. സിംഗിള്‍ ഷോട്ടില്‍ അത്രയും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ കൃത്യമായി ഓരോ ആക്ഷനും മനഃപാഠമായിരിക്കണം. മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാള്‍ക്ക് ഇതു സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ശാരീരിക ക്ഷമത ശരിക്കും വിസ്മയിപ്പിക്കും. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുക്കുമ്പോള്‍! കൂടാതെ ഗംഭീര ഓര്‍മശക്തിയാണ് അദ്ദേഹത്തിന്.”
എമ്പുരാന്റെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളോടും പൃഥ്വിരാജ് പ്രതികരിച്ചു. ”എമ്പുരാന്‍ ബിഗ് സിനിമയാണെന്ന് എല്ലാവരും പറയുന്നു. എന്തായാലും എമ്പുരാന്‍ ഒരു ചെറിയ ബജറ്റില്‍ ചെയ്ത സിനിമയാണെന്നു ഞാന്‍ പറയില്ല. എന്നാല്‍, 150 കോടിയാണ് ബജറ്റ് എന്നത് സത്യമല്ല. നിങ്ങള്‍ ഈ സിനിമ സ്‌ക്രീനില്‍ കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന ബജറ്റാണ് ഈ സിനിമയുടെ ബജറ്റ്. ഇതിന്റെ യഥാര്‍ഥ ബജറ്റ് ഊഹിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് നിര്‍മാതാക്കളെ ഞാന്‍ ചലഞ്ച് ചെയ്തിട്ടുണ്ട്. കാരണം, അത്ര കുറവ് ബജറ്റിലാണ് ഞാന്‍ ഇതു ചെയ്തിരിക്കുന്നത്. മൂന്നാം ഭാഗം ചെയ്യുന്നുണ്ടെങ്കില്‍ അത് ശരിക്കും ഒരു ബിഗ് ബജറ്റ് ചിത്രമാകും. മൂന്നാം ഭാഗം ഇതുവരെ ഷൂട്ട് ചെയ്തിട്ടില്ല. എമ്പുരാന്‍ വിജയിക്കുകയാണെങ്കില്‍ മാത്രമെ മൂന്നാം ഭാഗത്തെക്കുറിച്ച് ചിന്തിക്കൂ,” പൃഥ്വിരാജ് വ്യക്തമാക്കി.
ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിനെ ‘ക്രൂരനായ സംവിധായകന്‍’ എന്നു വിശേഷിപ്പിച്ചതിന് ചില കാരണങ്ങളുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. മോഹന്‍ലാലിന്റെ വാക്കുകള്‍: ”ക്രൂരനായ സംവിധായകന്‍ എന്നു വിശേഷിപ്പിച്ചതില്‍ ചില സത്യങ്ങളുണ്ട്. അദ്ദേഹത്തിന് ആവശ്യമുള്ളത് എന്നില്‍ നിന്നെടുക്കാന്‍ അദ്ദേഹത്തിന് അറിയാം. ഡ്രാക്കുള രക്തം ഊറ്റിയെടുക്കുന്ന പോലെയാണ് അത്. അതുകൊണ്ടാണ് ഈ സിനിമ മനോഹരമായത്. സിനിമയെക്കുറിച്ച് പൃഥ്വിക്ക് സിനിമയെക്കുറിച്ചും അഭിനേതാക്കളെ കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ട്. ചില സംവിധായകര്‍ ഒരു ഷോട്ട് എടുക്കുമ്പോള്‍ പെട്ടെന്ന് ഓക്കെ പറയും. പക്ഷേ, പൃഥ്വി അങ്ങനെയല്ല. അദ്ദേഹത്തിന്റെ ഇടപെടലിന് ഒരു മാജിക് ഉണ്ട്. അദ്ദേഹത്തിന് വേണ്ടത് അദ്ദേഹം നമ്മള്‍ പോലും അറിയാതെ എടുത്തിരിക്കും. അതു വലിയൊരു കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വ്യത്യസ്തമാകുന്നത്. ഓരോ സിനിമ കഴിയുന്തോറും സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്റെ ഗ്രാഫ് മുകളിലേക്കാണ്.”
അനില ജനനേന്ദ്രിയത്തിലും ലഹരിവസ്തുക്കൾ ഒളിപ്പിച്ചുവച്ചു, വൈദ്യ പരിശോധനയിൽ കണ്ടെത്തിയത് 46 ഗ്രാം എംഡിഎംഎ, കണ്ണൂരിൽ പിടിയിലായ ലഹരി കടത്തുകാരനെ വിളിച്ചതിന്റെ തെളിവുകൾ പുറത്ത്, യുവതിക്ക് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധം- പോലീസ്
അഭിനയിക്കുമ്പോള്‍ സംഭവിക്കുന്ന മാജിക് ഒരു അനുഗ്രഹം പോലെ തന്നിലേക്ക് വരുന്നതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ”കഥാപാത്രങ്ങള്‍ക്കു കൊടുക്കുന്ന ചില മാനറിസങ്ങള്‍ ഒരു അനുഗ്രഹം പോലെ എന്നിലേക്ക് വരുന്നതാണ്. ‘തന്മാത്ര’ എന്ന സിനിമയില്‍ എന്റെ കഥാപാത്രം ഒരു അല്‍ഷിമേഴ്‌സ് രോഗിയാണ്. അതില്‍ ആ കഥാപാത്രം ഒരു പ്രത്യേക രീതിയില്‍ ചിരിക്കുന്നുണ്ട്. സിനിമ റിലീസ് ആയപ്പോള്‍ ചില ഡോക്ടര്‍മാര്‍ എന്നോടു ചോദിച്ചു, ഞാന്‍ അത്തരം രോഗികളെ നിരീക്ഷിച്ചിരുന്നോ എന്ന്. ഞാന്‍ ഇല്ലെന്നു പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. ഞാന്‍ നുണ പറയുകയാണെന്നായിരുന്നു അവര്‍ പറഞ്ഞത്. പല സിനിമകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. 92ാം വയസ്സിലാണ് ക്ലിന്റ് ഈസ്റ്റ്വുഡ് ഒരു സിനിമ സംവിധാനം ചെയ്തത്. ആന്റണി ഹോപ്കിന്‍സ് ഇപ്പോഴും അഭിനയിക്കുന്നു. അമിതാഭ് ബച്ചന്‍ സര്‍ അഭിനയിക്കുന്നു. അങ്ങനെ ഒരുപാടു പേര്‍. ഇതൊരു മനോഹരമായ പ്രഫഷനാണ്. ആരോഗ്യമുള്ളിടത്തോളം കാലം സിനിമ ചെയ്യാം. എല്ലാം നിറുത്തിയാലോ എന്ന് ആലോചിച്ചു പോകുന്ന നിമിഷങ്ങള്‍ ഏതു കരിയറിലും ഉണ്ടാകാം. എന്റെ കരിയറിലും ഉണ്ടായിട്ടുണ്ട്. അതൊക്കെ ഇതിന്റെ ഭാഗമാണ്.”