തിരുവനന്തപുരം: കിളിയൂർ ജോസിൻ്റെ കൊലപാതകത്തിലെ പ്രതി പ്രജിൻ പിതാവിനെ കൊലപ്പെടുത്തുന്നതിനു മുൻപ് യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോ സിനിമയിലെ ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനം. ഇതിനിടെ പിതാവുമായി വീട്ടിൽ സാമ്പത്തിക വിഷയത്തിൽ തർക്കം നടന്നിരുന്നു. മെഡിക്കൽ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. കൂടാതെ ജോസിൻ്റെ കൊലപാതകത്തിനു മുൻപ് സിനിമ ചെയ്യുന്നതിനായി പ്രജിൻ കോടികൾ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വിഷയങ്ങളിൽ നിരന്തരം തർക്കം നടന്നുവെങ്കിലും ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് സുഷമ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
അതേ സമയം കുടുംബം ഉയർത്തിയ ആരോപണങ്ങളിൽ വിശദമായ പരിശോധന അന്വേഷണസംഘം തുടരുകയാണ്. ജോസിന്റെ കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്ന് സംശയം നേരത്തെ ഉയർന്നിരുന്നു. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പ്രജിൻ്റെ മുറിയിലെ ബാത്ത്റൂമിനുള്ളിൽ രോമങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ അഞ്ചിനു രാത്രിയായിരുന്നു വീട്ടിലെ സോഫയിൽ ഉറങ്ങിക്കിടന്ന ജോസിൻ്റെ മകൻ പ്രജിൻ കഴുത്തിന് വെട്ടി കൊലപ്പെടുത്തുന്നത്. അമ്മ സുഷമയെ സാക്ഷി നിർത്തിയാണ് പ്രജിൻ പിതാവിനെ ആക്രമിച്ചത്. ഭർത്താവിനെ രക്ഷിക്കാൻ കഴിയാതെ ബോധരഹിതയായി സുഷമ നിലത്തുവീണിരുന്നു. പ്രാണരക്ഷാർത്ഥം അടുക്കള വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ജോസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 24 വെട്ടുകളാണ് സ്വന്തം മകനിൽ നിന്നും ജോസിൻ്റെ ശരീരത്തിൽ ആഴത്തിൽ ആഴ്ന്നിറങ്ങിയത്. പിതാവിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ശേഷം പ്രജിൻ വെള്ളറട പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി. അതേസമയം ജയിലിൽ നിന്നിറങ്ങിയാൽ തന്നെയും കൊല്ലുമെന്ന് ഭയക്കുന്നതായി മാതാവ് സുഷമ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.