കൊച്ചി: തനിക്കെതിരെയുള്ള സൈബർ ആക്രമണവും അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടി സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു, ഐടി ആക്ടിലെ വകുപ്പുകൾ പ്രകാരം എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തിരിക്കുന്നത്.
തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നു കാണിച്ച് നൽകിയ പരാതിയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ, യുട്യൂബ് ചാനൽ ഉടമ കെ.എം. ഷാജഹാൻ എന്നിവരെയാണ് എഫ്ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്. ഐടി ആക്ട് 67, ബിഎൻഎസ് 78, 79, 3 (5), പൊലീസ് ആക്ട് 120(o) എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 14 മുതൽ 18 വരെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും പരാതിക്കാരിയെ അപമാനിക്കാനും മാനഹാനിയും വിഷമവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ, പരാതിക്കാരിയുടെ ചിത്രവും പേരും വച്ച് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ അടക്കമുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
കൂടാതെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണവും അപവാദ പ്രചാരണവും നടക്കുന്നുവെന്നു കാട്ടി ഷൈൻ ഇന്നലെ മുഖ്യമന്ത്രി, സംസ്ഥാന പെോലീസ് മേധാവി, വനിതാ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് പറവൂരിലുള്ള ഷൈനിന്റെ വീട്ടിലെത്തിയ എറണാകുളം റൂറൽ സൈബർ പോലീസ് ഷൈനിൽനിന്ന് വിശദമായ മൊഴിയെടുത്തു. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളുടെ ലിങ്കുകൾ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ തുടങ്ങിയവ അടക്കം അന്വഷണ ഉദ്യോഗസ്ഥർക്ക് ഷൈൻ കൈമാറി.
അതേസമയം പറവൂർ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് തനിക്കെതിരെ ഇത്തരം പ്രചാരണം ആദ്യം ആരംഭിച്ചതെന്ന് ഷൈനും കുടുംബവും ഇന്നു രാവിലെ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും ഷൈൻ കൈമാറിയിട്ടുണ്ട്. എന്നാൽ താൻ ഷൈനിനെ ആക്ഷേപിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ ഇട്ടിട്ടില്ല എന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. യുട്യൂബിൽ ഒരു വ്യക്തി ഇട്ട ലിങ്കാണ് താൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതെന്നും അതിൽ ആരുടേയും പേരുകൾ പറഞ്ഞിട്ടില്ല. മുമ്പൊരിക്കൽ ഇത്തരമൊരു വിവരമറിഞ്ഞപ്പോൾ പോസ്റ്റ് ഇട്ടെങ്കിലും അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്തെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.