കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി. മുൻപ് 11കാരിയെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു പ്രതി. ഇതിനിടെ ജാമ്യത്തിലിങ്ങിയാണ് 16 കാരിയെ പീഡിപ്പിച്ചത്
2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ചു വശീകരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നത്. പുറത്തുപറഞ്ഞാൽ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മുൻപ് പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ കാലയളവിനിടെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് 2018ലാണ് ഇയാൾ അറസ്റ്റിലായത്. സമാന കേസിൽ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്.