തിരുനെല്ലി: വയനാട്ടിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തി പോലീസ്. യുവതിയുടെ മുതിർന്ന പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസമായിരുന്നു വയനാട് തിരുനെല്ലി അപ്പപ്പാറയിൽ പ്രതി യുവതിയെ കൊലപ്പെടുത്തിയത്. കൂടാതെ യുവതിയുടെ മൂത്തമകളെ ഉപദ്രവിക്കുകയും ഇളയ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾക്ക് പുറമേയാണ് പോക്സോയും പ്രതിക്കെതിരെ ചുമത്തിയത്. കൊലപാതകത്തിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയമകളെ വീടിനടുത്ത തോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 13 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതിയെയും പോലീസ് കണ്ടെത്തിയത്.
അതേസമയം കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകൾക്ക് പരുക്കേറ്റിരുന്നു. കുട്ടിയെ വിദഗ്‌ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈദ്യ പരിശോധനക്കിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് വരുന്നത്. കുട്ടി അപകടനില തരണം ചെയ്‌തതായി പോലീസ് അറിയിച്ചു.