ന്യൂഡൽഹി∙ ഈ മാസം അവസാനം നടക്കുന്ന യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നു റിപ്പോർട്ട്. സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മോദിയുടെ പേരില്ല. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം, ഇന്ത്യയെ ഒരു ‘മന്ത്രി’ ആണ് പ്രതിനിധീകരിക്കുന്നത്.
അതേസമയം ജൂലൈയിൽ പുറത്തിറക്കിയ പ്രഭാഷകരുടെ മുൻ താൽക്കാലിക പട്ടിക പ്രകാരം, സെപ്റ്റംബർ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ പട്ടിക പ്രകാരം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സെപ്റ്റംബർ 27ന് യുഎന്നിൽ പ്രസംഗിക്കും.
യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചേക്കുമെന്നു നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ടായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി മോദി യുഎസിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് തീരുവ വിഷയത്തിൽ യുഎസുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുകയായിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നെന്ന പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് ദ്വിതീയ തീരുവ ഏർപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യുഎസ് യാത്ര ഒഴിവാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
’
അതേസമയം സമ്മേളനത്തിൽ ഇസ്രയേൽ, ചൈന, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ നേതാക്കൾ സെപ്റ്റംബർ 26ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. യുഎൻ പൊതുസഭയുടെ 80-ാമത് വാർഷിക സമ്മേളനം സെപ്റ്റംബർ 9നാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 23 മുതൽ 29 വരെ ഉന്നതതല പൊതുചർച്ച നടക്കും. പരമ്പരാഗതമായി ബ്രസീലാകും ആദ്യം പ്രസംഗിക്കുക. തുടർന്ന് യുഎസ്. ഇതനുസരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം സെപ്റ്റംബർ 23നാണ്. രണ്ടാമതും പ്രസിഡന്റായശേഷം യുഎൻ സമ്മേളനത്തിൽ ട്രംപിന്റെ ആദ്യ പ്രസംഗമാകും ഇത്.
കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തി ട്രംപ് ഭരണകൂടം രംഗത്തെത്തിയിരുന്നു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ തുടരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക് വ്യക്തമാക്കി. രണ്ട് മാസങ്ങൾക്കുള്ളിൽ ഇന്ത്യ സോറി പറഞ്ഞ് ഒരു വ്യാപാര കരാറിനായി പ്രസിഡന്റ് ട്രംപിനെ സമീപിക്കുമെന്നായിരുന്നു ഇയാളുടെ പ്രസ്താവന. അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ ഇന്ത്യൻ ബിസിനസുകളെ തളർത്തും. അവർ തന്നെ കരാർ ആവശ്യപ്പെടും എന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ബ്രിക്സ് സഖ്യത്തിൽ തുടരരുത്. റഷ്യക്കും ചൈനയ്ക്കും ഇടയിലുള്ള പാലമായി നിന്ന് അമേരിക്കക്ക് എതിരെ നിലപാടെടുത്താൽ, 50 ശതമാനം തീരുവ തുടരുമെന്നും ലട്ട്നിക്ക് വ്യക്തമാക്കിയിരുന്നു.