ഗാന്ധിനഗർ: ഇന്ത്യാ വിഭജനത്തിനുശേഷം 1947ൽ ആദ്യത്തെ ഭീകരാക്രമണമുണ്ടായ സമയത്തുതന്നെ അതിനെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യണമായിരുന്നും, അങ്ങനെയെങ്കിൽ പതിറ്റാണ്ടുകളായുള്ള ഉണ്ടാവുകയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്നത്തെ ആക്രമണമാണ് മറ്റൊരുരൂപത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യയെ പിൻതുടരുന്നത്. ഗുജറാത്തിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മീർ തിരിച്ചു പിടിക്കാതെ സൈനിക നടപടി നിർത്തേണ്ടെന്ന് അന്നത്തെ പ്രതിരോധമന്ത്രി സർദാർ വല്ലഭായി പട്ടേൽ വാദിച്ചെങ്കിലും കോൺഗ്രസ് സർക്കാർ പട്ടേലിന്റെ നിർദേശം അവഗണിച്ചതായും മോദി കൂട്ടിച്ചേർത്തു.
”1947ൽ ഭാരതാംബയെ മൂന്നായി വിഭജിച്ചു. ആ രാത്രിതന്നെ കശ്മീരിന്റെ മണ്ണിൽ ആദ്യത്തെ ഭീകരാക്രമണം നടന്നു. ഭാരതാംബയുടെ ഒരുഭാഗം മുജാഹിദീന്റെ പേരിൽ പാക്കിസ്ഥാൻ ബലമായി പിടിച്ചെടുത്തു. അന്നുതന്നെ മുജാഹിദീൻ സംഘത്തെ മരണത്തിന്റെ കുഴിയിലേക്ക് വലിച്ചെറിയണമായിരുന്നു. പാക് അധീന കശ്മീർ തിരിച്ചുപിടിക്കുന്നതുവരെ സൈനിക നീക്കം അവസാനിപ്പിക്കരുതെന്നായിരുന്നു സർദാർ പട്ടേലിന്റെ ആഗ്രഹം. എന്നാൽ സർദാർ സാഹിബിന്റെ വാക്കുകൾക്ക് ആരും ചെവികൊടുത്തില്ല”, പ്രധാനമന്ത്രി പറഞ്ഞു.
“ഇന്നും അതേ മുജാഹിദീനുകൾ, കഴിഞ്ഞ 75 വർഷമായി രക്തച്ചൊരിച്ചിൽ തുടരുകയാണ്. പഹൽഗാമിൽ നടന്നത് അതിന്റെ മറ്റൊരു രൂപമാണ്. എല്ലാ തവണയും ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നു. ഇതോടെ ഇന്ത്യയെ തോൽപിക്കാനാകില്ലെന്ന് പാക്കിസ്ഥാനു മനസിലായിക്കഴിഞ്ഞു”, മോദി കൂട്ടിച്ചേർത്തു. ഇന്ത്യയ്‌ക്കെതിരെയുള്ള ഓരോ ഭീകരാക്രമണവും പുറത്തുനിന്നുള്ള ആരുമല്ല നടത്തുന്നത്, അവയെല്ലാം ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ പദ്ധതിയിട്ട് നടപ്പാക്കുന്ന യുദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.