തിരുവനന്തപുരം: സിപിഎമ്മുകാരായ രണ്ട് ബോഡി ബിൽഡിങ് താരങ്ങളെ കായികക്ഷമത പരീക്ഷ പോലും നടത്താതെ പൊലീസിൽ നിയമിച്ച് ഉത്തരവിറക്കിയതിനു പിന്നാലെ പാർട്ടിക്കു വേണ്ടപ്പെട്ട രണ്ട് പേർക്കു കൂടി വിവാദ ട്രയൽസിലൂടെ വോളിബോൾ താരങ്ങളായി പൊലീസിൽ നിയമനം.
എ.കിഷോർ കൃഷ്ണൻ, കെ.എൻ.മുഹമ്മദ് മുഹസിൻ എന്നിവർക്കാണ് സ്പോർട്സ് ക്വോട്ട നിയമനം നൽകി ഈമാസം ഒൻപതിന് ആണ് രഹസ്യ ഉത്തരവിറങ്ങിയത്. കേരള പൊലീസ് പുരുഷ വോളിബോൾ ടീമിൽ 36300–83000 രൂപ ശമ്പള സ്കെയിലിൽ ഹവിൽദാർ ട്രെയ്നികളായാണു നിയമനം. തൃശൂർ സ്വദേശിയായ മുഹസിൻ സർവകലാശാല ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും കണ്ണൂർ സ്വദേശി കിഷോറിന്റെ യോഗ്യതയെക്കുറിച്ച് അറിവില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ നിർദേശമനുസരിച്ച് കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിലായിരുന്നു ഇവർക്കു വേണ്ടിയുള്ള സെലക്‌ഷൻ ട്രയൽസ്. ഇതിൽ ഒരാൾക്കു വേണ്ടി ഒന്നര വർഷം മുൻപും ട്രയൽസ് നടത്തിയിരുന്നു. പഞ്ചായത്തുകളുടെ ദേശീയ മത്സരത്തിൽ പങ്കെടുത്തെന്ന സർട്ടിഫിക്കറ്റായിരുന്നു യോഗ്യതയായി ഹാജരാക്കിയത്. കളി അറിയില്ലെന്നു വ്യക്തമായതോടെ അന്നത്തെ സെൻട്രൽ സ്പോർട്സ് ഓഫിസർ എഡിജിപി മനോജ് ഏബ്രഹാം കയ്യൊഴിഞ്ഞു.
പിന്നാലെ, ദേശീയ പഞ്ചായത്ത് മത്സരം ഉന്നതനിലവാരമുള്ള മത്സരമായി സ്പോർട്സ് കൗൺസിൽ അംഗീകരിച്ച് പിൻവാതിൽ നിയമനത്തിനു വീണ്ടും വഴിയൊരുക്കി. നിയമനത്തിന് സമ്മർദം ഏറിയതോടെ പിന്നീട് സ്പോർട്സ് ഓഫിസറായ എഡിജിപി എം.ആർ.അജിത്കുമാറും ഇടക്കാലത്ത് അവധിയിൽ പോയിരുന്നു. നിലവിൽ സ്പോർട്സ് ഓഫിസറായ എഡിജിപി എസ്.ശ്രീജിത്തും ആദ്യം വിസമ്മതിച്ചെങ്കിലും, സമ്മർദം കടുത്തതോടെ പുതിയ ഡിജിപി റാവാഡ ചന്ദ്രശേഖറും ശ്രീജിത്തും ചേർന്ന് നിയമനം നൽകുകയായിരുന്നു.
സാധാരണ പൊലീസ് സ്റ്റേഡിയത്തിൽ നടത്തുന്ന ട്രയൽസ്, മറ്റാർക്കും പ്രവേശനമില്ലാത്ത എൽഎൻസിപിഇയിലേക്കു മാറ്റിയതിനൊപ്പം അർജുന അവാർഡ് ജേതാക്കളെയടക്കം സെലക്‌ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന പതിവും ഇക്കുറിയുണ്ടായില്ല. രണ്ട് ഒഴിവിലേക്ക് ദേശീയ താരങ്ങളടക്കം 22 പേരാണ് അപേക്ഷിച്ചിരുന്നത്.