എഴുപത്തേഴാമാത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ സിപിഎം വെട്ടിലായിരിക്കുകയാണ്. സമീപകാലത്ത് അന്തരിച്ച സിപിഎമ്മിന്റെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെയാണ് പാർട്ടി പ്രതിസന്ധിയിലായിരിക്കുന്നത്. സ്വാതന്ത്ര്യം നേടിയ സമയത്ത് ഇത് യഥാർത്ഥ സ്വാതന്ത്രമല്ലെന്നും റിപ്പബ്ലിക്കായ സമയത്ത് തൊഴിലാളി വർഗം അധികാരത്തിലെത്തും വരെ അതെല്ലാം ബൂർഷ്വാ സെറ്റപ്പുകൾ മാത്രമാണെന്നുമാണ് അന്നേ നിലപാടെടുത്തത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ നൽകുന്ന അവാർഡുകളൊന്നും തന്നെ സ്വീകരിക്കേണ്ടതില്ല എന്ന ലൈനാണ് പാർട്ടി ഇത്രകാലമത്രയും സ്വീകരിച്ചു പോന്നതും.
1992 ൽ സാക്ഷാൽ ഇഎംഎസിന് അന്നത്തെ നരസ്ംഹറാവു സർക്കാർ പത്മഭൂഷൻ വാഗ്ദാനം ചെയ്തെങ്കിലും ഇഎംഎസ് അത് നിരസിക്കുകയായിരുന്നു. പിന്നീട് 2008 ൽ ജ്യോതിബസുവും പത്മവിഭൂഷൺ ഇതുപോലെ നിരസിക്കുകയുണ്ടായി. 2002 ൽ അന്നത്തെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചര്യക്ക് അന്നത്തെ എൻഡിഎ സർക്കാർ പത്മഭൂഷൺ ആണ് നൽകാൻ ശ്രമിച്ചത്. ഭട്ടാചാര്യയും അത് നിരസിച്ചു. 2005 ൽ യുപിഎ സർക്കാർ നിലവിൽ ഉണ്ടായിരുന്ന സമയത്ത് ആ സർക്കാരിന്റെ രൂപീകരണത്തിനായി നിർണായക പങ്കു വഹിച്ച അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സൂർജിത്തിന് പത്മ പുരസ്കാരം നൽകാൻ മൻമോഹൻ സിംഗ് ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന്റെ തുടക്കത്തിലെ ചർച്ചകൾ തന്നെ സുർജിത്ത് എതിർത്തതോടെ സർക്കാർ പിൻവാങ്ങുകയായിരുന്നു. അതുപോലെ സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റർജിയും സമാന രീതിയിൽ പത്മഭൂഷൻ നിരസിച്ചിരുന്നു.
എന്നാൽ സിപിഐ നേതാവായിരുന്ന സത്യപാൽ ദംഗിന് 1998 ൽ അന്നത്തെ മൂന്നാം മുന്നണി സർക്കാർ പത്മഭൂഷൻ നൽകിയത് അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് 2005 ൽ സർക്കാർ ബഹുമതികളിലെ ഗുരുതരമായ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പുരസ്കാരം തിരികെ നൽകുകയായിരുന്നു.
ഇത്രയുമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും പത്മ പുരസ്കാരങ്ങളും തമ്മിലുള്ള ബന്ധങ്ങൾ. യഥാർത്ഥത്തിൽ അത് സർക്കാർ നൽകുന്നു എന്നതിനപ്പുറം രാജ്യം ഒരു പൗരന് നൽകുന്ന ബഹുമതിയും ആദരവുമായാണ് കാണേണ്ടത് എന്ന് പലപ്പോഴും സിപിഎമ്മിന്റെ ഈ വിമർശന നിലപാടുകളെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടാറുണ്ട്. തങ്ങളല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തേയും അംഗീകരിക്കില്ല എന്നത് ഫാസിസ്റ്റ് ചിന്താഗതിയാണെന്നും ജനാധിപത്യത്തിൽ സഹവർത്തിത്തവും പരസ്പര സഹകരണവും എല്ലാം പരമപ്രധാനമാണെന്നും ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയം ശരിയല്ലെന്നും വാദങ്ങൾ ഉയരാറുണ്ട്. എന്നാൽ സർക്കാരുകളുടെ ചുമതല ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാക്കാനുള്ള സൗകര്യമുണ്ടാക്കുക എന്നതാണെന്നും അവാർഡുകളും താമ്രപത്രങ്ങളും പഴയ രാജഭരണത്തിന്റെ ശേഷിപ്പുകളാണെന്നുമാണ് സിപിഎം അതിനു മറുപാടിയായി പറഞ്ഞിരുന്നത്.
എന്നാൽ ഇത്തവണത്തെ പിണറായി വിജയൻ സർക്കാർ ആ നിലപാട് തിരുത്തുകയും സ്വന്തമായി കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നീ പോരുകളിൽ അവാർഡ് കൊടുക്കാൻ തുടങ്ങുകയും ചെയ്തതോടെ ഇതുവരെയുള്ള പാർട്ടി നിലപാടുകളൊന്നും തന്നെ ഈ സർക്കാരിന് ബാധകമല്ല എന്ന് തെളിയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിഎസിനോട് ഇനി അവാർഡ് നിരസിക്കാൻ പറയാൻ സാധിക്കാത്ത അവസ്ഥായിലാണ് പാർട്ടി നിലവിൽ. ഒരു പക്ഷേ വിഎസ് ജീവിച്ചിരുന്നിരുന്നെങ്കിൽ ഈ അവാർഡ് രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം നിരസിക്കുമായിരുന്നു എന്ന് തന്നെയാണ് കരുതപ്പെടുന്നത്. എന്നാൽ ഇന്നലെ അദ്ദേഹത്തിന്റെ മകന്റെ പ്രതികരണത്തിൽ നിന്നും അത്തരമൊരു തീരുമാനം സൂചിപ്പിക്കുന്ന ഒന്നും തന്നെ ഉണ്ടായില്ല എന്നു മാത്രമല്ല, പാർട്ടി പത്രവും ചാനലും അദ്ദേഹത്തിന്റെ പുരസ്കാര നേട്ടത്തിൽ ആഹ്ലാദത്തോടെ വാർത്ത നൽകുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പ് അടുത്ത ഈ സമയത്ത് ഈ അവാർഡ് ഒരു ഇരുതലമൂർച്ചയുള്ള വാളായി സിപിഎമ്മിനു നേരെ വന്നിരിക്കുന്നത്. നിരസിക്കാൻ കുടുംബത്തെ നിർബന്ധിച്ചാൽ രാജ്യം തന്ന അംഗീകരാതെ തള്ളിക്കളയുന്നതിനെതിരെ അഭിപ്രായമുയരും, പ്രത്യേകിച്ചും കേരള സർക്കാർ സ്വന്തം പുരസ്കാരങ്ങൾ നൽകുന്ന സാഹചര്യത്തിൽ. ഇനി സ്വീകരിച്ചാലോ, ഇതുവരെയുള്ള നിലപാടുകളെ മുഴുവൻ തള്ളുകയുമാവും.
എന്തായാലും ഇഎംഎസ് സർക്കാരുകൾ നൽകുന്ന പുരസ്കാരങ്ങൾ സ്വീകരിക്കില്ല എന്ന് പറഞ്ഞ് പത്ഭൂഷൻ നിരസിച്ചുവെങ്കിലും തന്റെ ആത്മകഥയ്ക്ക് ലഭിച്ച സാഹിത്യ അക്കാദമി അവാർഡ് ഇരു കൈയും നീട്ടി സ്വീകരിക്കുകയുണ്ടായി എന്നതു കൂടി ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. 1970 ലാണ് അദ്ദേഹത്തിന് ആ അവാർഡ് ലഭിച്ചത്. എന്തായാലും വിഎസിന്റെ പേരിൽ പത്മ പുരസ്കാരം സ്വീകരിക്കുകയാണെങ്കിൽ അടുത്ത വർഷത്തെ ഭാരത രത്നക്കായി പിണറായി വിജയൻ ആഞ്ഞുപിടിക്കാൻ സാധ്യതയുണ്ട്. പക്ഷേ അതിനുമുമ്പ് ജനങ്ങൾ പിടിച്ച് അധികാരത്തിൽ നിന്നും പുറത്തെറിയമോ എന്നതുമാത്രമാണ് ആശങ്കയുള്ളത്.


















































