കൊൽക്കത്ത: ആർജി കർ ആശുപത്രിയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ മാതാപിതാക്കൾക്ക് പോലീസ് ലാത്തിച്ചാർജിൽ പരുക്ക്. പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ബംഗാൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റത്.
‘‘പോലീസ് എന്നെ ബാറ്റൺ കൊണ്ട് അടിച്ചു. എന്റെ നെറ്റിയിൽ പരുക്കേറ്റിട്ടുണ്ട്. എന്റെ ഭർത്താവിനും അടിയേറ്റു. ഞങ്ങൾ എന്താണ് ചെയ്തത്? ഒരു വർഷം മുൻപ് എന്റെ മകൾ കൊല്ലപ്പെട്ടു. ഇന്ന് ഇവർ എന്നെയും ഭർത്താവിനേയും കൊല്ലാൻ ശ്രമിക്കുന്നു. ലാത്തിച്ചാർജിനിടെ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.’’ – ഇരയുടെ അമ്മ പറഞ്ഞു.
അതേസമയം 2024 ഓഗസ്റ്റ് 9നാണ് നഗരത്തിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ വച്ച് 31കാരിയായ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സിവിൽ വളണ്ടിയർ സഞ്ജയ് റോയ് (34) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ സഞ്ജയ് റോയ് മാത്രമല്ല കുറ്റവാളിയെന്നാണ് ഇരയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി ഞങ്ങൾ ആവശ്യപ്പെടുന്നു. കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പോലീസ് വളരെയധികം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇരയുടെ പിതാവ് പറഞ്ഞു. കൊലപാതകം നടന്ന് ഒരു വർഷം തികയുന്ന ദിവസം സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ പങ്കുചേരാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
സമരക്കാരെ തടയാൻ 12 അടി ഉയരമുള്ള ഇരുമ്പ് ബാരിക്കേഡുകൾ പലയിടത്തും സ്ഥാപിച്ചിരുന്നു. സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന പ്രതിഷേധക്കാരെ തടയാൻ കൊൽക്കത്തയിലും ഹൗറയിലും പോലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ജലപീരങ്കികളും പോലീസ് വിന്യസിപ്പിച്ചിരുന്നു. ഇതിനിടെയാണ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച ഇരയുടെ മാതാപിതാക്കൾക്ക് പോലീസ് ലാത്തി ചാർജിൽ പരുക്കേറ്റത്.