ന്യൂഡൽഹി: ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. ശ്രീനഗറില്‍ ആകെ സ്ഫോടന ശബ്ദം ഉണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ആർഎസ് പുരയിൽ വ്യാപകമായ ഷെല്ലിങ് ഉണ്ടായതായാണ് ഏറ്റവും പുതിയ വിവരം. കശ്മീർ താഴ്വരയില് അനന്ത്നാഗ്, ബഡ്ഗാം, ശ്രീനഗർ എന്നിവിടങ്ങളിൽ പാക് ഡ്രോണുകൾ എത്തിയതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ, ജമ്മു ഉധംപൂരിൽ ഡ്രോൺ ആക്രമണശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. രാജസ്ഥാനിലെ ബാർമറിൽ ഡ്രോൺ സാന്നിധ്യം മൂലം അപായ സൈറൺ മുഴക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും പാക് ഭാഗത്തുനിന്ന് തുടർച്ചയായ പ്രകോപനങ്ങളുണ്ടെന്നും സൂചനകളുണ്ട്.
വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. വാക്ക് ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നത് ആശങ്കാജനകമാണ്.
ഇന്ന് വൈകുന്നേരം അഞ്ചു മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിജിഎംഒ തലത്തിലുള്ള തുടർച്ചയായ ചർച്ചകൾ തിങ്കളാഴ്ച നടക്കും.
അതേസമയം, വെടിനിർത്തലുമായി ബന്ധപ്പെട്ട് യു.എസ്. നടത്തിയ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പരാമർശിച്ചിട്ടില്ല. 48 മണിക്കൂർ നീണ്ട ചർച്ചയിലൂടെയാണ് പ്രശ്നപരിഹാരമുണ്ടായതെന്ന യു.എസ്. വാദത്തെക്കുറിച്ചും, പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തിയെന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുടെ അവകാശവാദത്തെക്കുറിച്ചും ഇന്ത്യ പ്രതികരിച്ചിട്ടില്ല.
What the hell just happened to the ceasefire? Explosions heard across Srinagar!!!
— Omar Abdullah (@OmarAbdullah) May 10, 2025
വെടിനിർത്തലിനായി ആദ്യമായി അഭ്യർത്ഥനയുമായി സമീപിച്ചത് പാക്കിസ്ഥാനാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി. പാക് ഡിജിഎംഒ വൈകുന്നേരം 3.35ന് ഇന്ത്യയെ വിളിച്ച് വെടിനിർത്തലിന് സന്നദ്ധത അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തലിന്റെ ഭാഗമായി ഇന്ത്യ കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിർത്തിവച്ചിരുന്നു.
This is no ceasefire. The air defence units in the middle of Srinagar just opened up. pic.twitter.com/HjRh2V3iNW
— Omar Abdullah (@OmarAbdullah) May 10, 2025