ഇസ്ലാമാബാദ്: പാക് ഫീൽഡ് മാർഷൽ അസിം മുനീർ പാക്കിസ്ഥാന്റെ പ്രതിരോധ മേധാവിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽതന്നെ ഇന്ത്യക്കുനേരെ ഭീഷണിസന്ദേശം. ഇന്ത്യയുടെ ഭാഗത്തുനിന്നു ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും കൂടുതൽ വേഗതയേറിയതും കഠിനവും തീവ്രവുമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാക്കിസ്ഥാന്റെ പുതിയ പ്രതിരോധ സേനാ മേധാവി (CDF) ആയി ചുമതലയേറ്റത്തിന് പിന്നാലെയായിരുന്നു അസിം മുനീറിന്റെ ആദ്യ ഭീഷണി. ‘ഏതെങ്കിലും ആക്രമണമുണ്ടായാൽ പാക്കിസ്ഥാന്റെ പ്രതികരണം ഇതിലും വേഗതയുള്ളതും തീവ്രവുമായിരിക്കില്ല എന്ന മിഥ്യാധാരണ ഇന്ത്യ വെച്ചുപുലർത്തരുത്.’ അസിം മുനീർ പറഞ്ഞു.
അതേസമയം കഴിഞ്ഞയാഴ്ചയാണ് മുനീർ പാക്കിസ്ഥാന്റെ മൂന്ന് പ്രതിരോധ സേനകളുടെയും മേധാവിയെന്ന പുതിയ സ്ഥാനം ഏറ്റെടുത്തത്. പാക്കിസ്ഥാൻ സമാധാനപരമായി മുന്നോട്ടുപോകുന്ന രാജ്യമാണെന്നും അതേസമയം, രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയേയോ പരമാധികാരത്തെയോ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും മുനീർ വ്യക്തമാക്കി. സായുധ സേനാംഗങ്ങളോട് സംസാരിക്കവെയായിരുന്നു മുനീറിന്റെ പ്രകോപനപരമായ പരാമർശം.
ചടങ്ങിൽ പാക്കിസ്ഥാന്റെ കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങളിൽ നിന്നുള്ളവർ മുനീറിന് ഗാർഡ് ഓഫ് ഓണർ നൽകി. പുതുതായി സ്ഥാപിച്ച പ്രതിരോധ സേനാ ആസ്ഥാനം ചരിത്രപരമായ മാറ്റത്തിന്റെ പ്രതീകമാണെന്നും മുനീർ പറഞ്ഞു. ‘വളരുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ ഭീഷണികളെ അഭിമുഖീകരിക്കുമ്പോൾ, മൂന്ന് സേനകളുടെയും ഏകീകൃത സംവിധാനത്തിന് കീഴിൽ ബഹുമുഖ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.’ അദ്ദേഹം പറഞ്ഞു.
അതുപോലെ ഓരോ സേനയും അവരുടെ പ്രവർത്തനസന്നദ്ധത നിലനിർത്തുമെന്നും, പ്രതിരോധ സേനാ ആസ്ഥാനം സേനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദു, നാവികസേന മേധാവി അഡ്മിറൽ നവീദ് അഷ്റഫ് എന്നിവരടക്കം മൂന്ന് സായുധ സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.




















































