താലിബാനെ പാഠം പഠിപ്പിക്കാനിറങ്ങി വെട്ടിലായി പാക്കിസ്ഥാൻ. ദിവസങ്ങളോളം അതിർത്തി പൂട്ടിയിട്ട് അഫ്ഗാനിസ്ഥാനെയും താലിബാനെയും മെരുക്കാമെന്ന പാക്കിസ്ഥാന്റെ തീരുമാനങ്ങളാണ് ബൂമറാങ്ക് പോലെ തിരിച്ചടിച്ചിരിക്കുന്നത്. കടൽ അതിർത്തിയില്ലാത്ത അഫ്ഗാൻ, വ്യാപാരത്തിന് പൂർണമായും പാക്കിസ്ഥാനെയാണ് ആശ്രയിച്ചിരുന്നത്. സംഘർഷത്തിന്റെ ഭാഗമായി അതിർത്തിപ്പാതകൾ പാക്കിസ്ഥാൻ 45 ദിവസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഇനി പാക്കിസ്ഥാനുമേൽ വ്യാപാരബന്ധമില്ലെന്ന് പ്രഖ്യാപിച്ച താലിബാൻ ബദൽ മാർഗമെന്നോണം ഇറാൻ, ഇന്ത്യ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചുവടുമാറ്റി ബദൽമാർഗം കണ്ടുപിടിക്കുകയും ചെയ്തു.
ഒപ്പം പാക്കിസ്ഥാനായി അതിർത്തി തുറക്കേണ്ടെന്ന് അഫ്ഗാനും തീരുമാനിച്ചു. പാക്കിസ്ഥാന് ഏറ്റവുമധികം വ്യാപാരബന്ധമുണ്ടായിരുന്ന മധ്യേഷ്യൻ രാജ്യങ്ങളായ തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് ചരക്കുകൾ കടന്നുപോയിരുന്നത് അഫ്ഗാൻ വഴിയായിരുന്നു. ഇത് ഇപ്പോൾ ഏതാണ്ട് പൂർണമായും നിലച്ചനിലയിലാണ്.
ഇതിനിടെ ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതു പറഞ്ഞ ‘‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല’’ എന്ന മാസ് ഡയലോഗ് പാക്കിസ്ഥാൻ ചെറുമാറ്റങ്ങൾ വരുത്തി അഫ്ഗാനെതിരെ പ്രയോഗിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസിന്റെ ഡയറക്ടർ ജനറൽ (ഡിജി ഐഎസ്പിആർ) അഹമ്മദ് ഷരീഫ് ചൗധരി സമാന ഡയലോഗ് അടുത്തിടെ അഫ്ഗാനിസ്ഥാനുമേൽ പ്രയോഗിച്ചു. ‘‘രക്തവും വ്യാപാരവും ഒന്നിച്ചു പോകില്ല’’ എന്നായിരുന്നു ചൗധരി പറഞ്ഞത്.
അതേസമയം അഫ്ഗാനുമായുള്ള വ്യാപാരബന്ധം മോശമായതിന് പിന്നാലെ മധ്യേഷ്യൻ രാഷ്ട്രങ്ങളുമായുള്ള വ്യാപാരവും നിലച്ചത് പാക്കിസ്ഥാനിലെ വ്യാപാരികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഖൈബർ-പഖ്തൂൺഖ്യ മേഖലയിൽ വ്യാപാരികളുടെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. 45 ദിവസത്തിലേറെയായി അതിർത്തി അടച്ചതുവഴി ട്രില്യൻ കണക്കിന് പാക്കിസ്ഥാനി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബിസിനസ് സംഘടനകൾ അഭിപ്രായപ്പെട്ടു.
അതുപോലെ അഫ്ഗാനുമായുള്ള യുദ്ധം പാക്കിസ്ഥാനെ തിരിഞ്ഞുകൊത്തുകയാണെന്ന വാദവുമായി രാജ്യത്തെ സാമ്പത്തിക നിരീക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ സംഭരണശാലകളും വ്യാപാരകേന്ദ്രങ്ങളിലും കാർഷികോൽപന്നങ്ങളടക്കം കെട്ടിക്കിടക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുമുണ്ട്.
അതേസമയം ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. പെർ ക്യാപിറ്റ ജിഡിപിയിൽ പല ആഫ്രിക്കൻ രാഷ്ട്രങ്ങളേക്കാളും പിന്നിൽ. പാക്കിസ്ഥാനുമായുള്ള സംഘർഷം അഫ്ഗാനിസ്ഥാന്റെ സമ്പദ്സ്ഥിതിയെ സാരമായി ഉലച്ചിട്ടുണ്ട്. എങ്കിലും, താലിബാൻ ഭരണകൂടം ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളുമായി കൈകോർത്ത് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് അഫ്ഗാനിപ്പോൾ.
ഇതിനിടെ അതിർത്തി തുറക്കണമെന്ന് പാക്കിസ്ഥാനോട് യുഎൻ ആവശ്യപ്പെട്ടുവെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇസഹാക്ക് ധർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്, സൈനിക മേധാവി അസീം മുനീർ എന്നിവരുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി അനുവദിച്ചാലും, അതിർത്തി തുറക്കുന്നത് സംബന്ധിച്ച അന്തിമ നിലപാട് പറയേണ്ടത് അസിം മുനീറാണ്.


















































