തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കെ കെ രമ എംഎല്‍എ. വിഎസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്നും കെ കെ രമ അനുസ്മരിച്ചു. വിഎസിനെ വ്യത്യസ്ഥമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വിഎസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി എസ് അച്യുതാനന്ദനെന്നും കെ കെ രമ അനുസ്മരിച്ചു.
വി എസ് അച്യുതാനന്ദന്‍റെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. പാർട്ടിക്കകത്തെ നയ വ്യതിയാനങ്ങൾക്കെതിരെ വിഎസ് നടത്തിയ സമരത്തിൻ്റെ ഭാഗമാണ് ഒഞ്ചിയത്ത് ഞങ്ങൾ നടത്തിയ സമരം. ഒരുപക്ഷേ ടിപിയുടെ കൊലപാതകം പോലും വിഎസിനുള്ള താക്കീതായിരുന്നു. പാർട്ടിയിലെ വിമത ശബ്ദം അടിച്ചൊതുക്കാനുള്ള നീക്കമായിരുന്നു അത്. അതിനെതിരെ വി എസ് അതിശക്തമായി പ്രതികരിച്ചു. പാർട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് വി എസ് വിശേഷിപ്പിച്ചത്. അതിലപ്പുറം വലിയ അംഗീകാരം ചന്ദ്രശേഖരന് കിട്ടാനില്ലെന്നും കെ കെ രമ പ്രതികരിച്ചു. തനിക്ക് ഇന്നിങ്ങനെ രാഷ്ട്രീയം പറയാനുള്ള ധൈര്യം തന്നത് വി എസാണെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊരു നേതാവിനെ ഇനി പാർട്ടിക്കകത്ത് കാണാൻ കഴിയില്ലെന്നും കെ കെ രമ പറയുന്നു.