വാഷിങ്ടൺ: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയതെന്ന് ട്രംപ് സുപ്രിം കോടതിയിൽ. വിദേശരാജ്യങ്ങൾക്കുമേൽ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീൽകോടതി വിധിക്കെതിരേ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിവിധരാജ്യങ്ങൾക്കുമേൽ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
സുപ്രിം കോടതിയിൽ പറഞ്ഞ പ്രധാന പരാമർശങ്ങിലൊന്ന് ഇന്ത്യയുമായി ബന്ധപ്പെട്ടായിരുന്നു. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയതെന്നാണ് അപ്പീലിൽ പറയുന്നത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരേ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധത്താൽ തകർന്ന യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലിൽ പറയുന്നു. ഇതുപോലെ തീരുവകളുള്ളതിനാൽ അമേരിക്ക ഒരു സമ്പന്നരാഷ്ട്രമാണ്. അല്ലെങ്കിൽ ഇത് ഒരു ദരിദ്രരാഷ്ട്രമാകുമെന്നും അപ്പീലിൽ പറയുന്നു.
അതേസമയം ദിവസങ്ങൾക്ക് മുൻപാണ് ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമാണെന്ന് വാഷിങ്ടണിലെ ഫെഡറൽ സർക്കീറ്റ് അപ്പീൽ കോടതി കണ്ടെത്തിയത്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നായിരുന്നു കോടതിവിധി. ഏഴു ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ നാലുപേർ എതിർത്തു. നിലവിലെ തീരുവകൾ ഒക്ടോബർ 14 വരെ തുടരാൻ കോടതി അനുവാദം നൽകിയിരുന്നു. ട്രംപ് സർക്കാരിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനുവേണ്ടിയാണ് ഈ സമയം അനുവദിച്ചത്.
ഐഇഇപിഎ നിയമം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്നില്ലെന്നു കാണിച്ച് ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12 സംസ്ഥാനങ്ങൾ നൽകിയ കേസും തീരുവയ്‌ക്കെതിരേ അഞ്ച് ചെറുകിടവ്യവസായസ്ഥാപനങ്ങൾ നൽകിയ മറ്റൊരു കേസും പരിഗണിച്ചാണ് അപ്പീൽ കോടതിയുടെ വിധി. 1977-ൽ പാസാക്കിയ ഐഇഇപിഎ നിയമം ദേശീയ അടിയന്തരാവസ്ഥസമയത്ത് വിദേശരാജ്യങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും അവരുടെ ആസ്തികൾ മരവിപ്പിക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്നും അതുപയോഗിച്ച് തീരുവകളും നികുതികളും ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ഏപ്രിലിൽ വിദേശരാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കങ്ങൾക്കും ഫെബ്രുവരിയിൽ ചൈന, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച തീരുവകൾക്കും വിധി ബാധകമാണ്. അതേസമയം, സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് ചുമത്തിയ തീരുവയെ ഈ വിധി ബാധിക്കില്ല.അത്യന്തം പക്ഷപാതപരമായ തീരുമാനമെന്ന് കോടതിവിധിയെ ട്രംപ് ട്രൂത്ത് സോഷ്യലിൽ വിശേഷിപ്പിച്ചിരുന്നു. തീരുവകൾ ഒഴിവാക്കിയാൽ അത് രാജ്യത്തെ സംബന്ധിച്ച് സമ്പൂർണദുരന്തമാകുമെന്നും പറഞ്ഞു. സുപ്രീംകോടതിയിൽ നൽകുന്ന അപ്പീലിലൂടെ വിധി മാറുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
തന്റെ രണ്ടാംവരവിൽ യുഎസിന്റെ വിദേശനയത്തിന്റെ നെടുംതൂണായി ട്രംപ് പ്രതിഷ്ഠിച്ചിരിക്കുന്നത് തീരുവയെയാണ്. ഇത് ആയുധമാക്കിയാണ് വിദേശരാജ്യങ്ങളുമായി യുഎസിനനുകൂലമായ വ്യാപാരക്കരാറുണ്ടാക്കാൻ വിലപേശുന്നത്. ഒപ്പം ചില രാജ്യങ്ങൾക്കുമേൽ രാഷ്ട്രീയസമ്മർദമുയർത്താനും തീരുവ ആയുധമാക്കുന്നു. റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ ട്രംപ് 25 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കി ഉയർത്തിയിരുന്നു.