തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി എന്‍എസ്എസ്, സംസ്ഥാന സര്‍ക്കാരിനോട് അടുക്കുന്നതില്‍ സമുദായത്തിലെ ഒരു വിഭാഗത്തിന് ആശങ്കയും പ്രതിഷേധവും. ശബരിമല വിഷയത്തിലെ പിന്തുണ സര്‍ക്കാരിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സമുദായ നേതൃത്വത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിനെതിരെ പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കരയോഗം അംഗത്വം ഉപേക്ഷിച്ചുള്ള പ്രതിഷേധവും തുടങ്ങി.
എന്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരിയില്‍ നിന്നുതന്നെയാണ് ആദ്യരാജി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാഷ്ട്രീയ ചായ്വും കാരണം പുഴവാത് സ്വദേശിയായ അമ്പിളി ഗോപകുമാര്‍ അടക്കം നാല് അംഗങ്ങളാണ് വേട്ടടി എന്‍എസ്എസ് കരയോഗത്തില്‍ നിന്ന് രാജി വച്ചത്. മന്നത്തു ആചാര്യന്‍ ജന്മം കൊടുത്ത എന്‍എസ്എസ് എന്ന സാമുദായിക സംഘടനയെ സ്വന്തം സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ കെട്ടാനുള്ള ജനറല്‍ സെക്രട്ടറിയുടെ ആഗ്രഹത്തോടെ യോജിക്കാന്‍ കഴിയില്ലെന്നും സാമുദായിക സംഘടനകള്‍ രാക്ഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും അമ്പിളി ഫേസ്ബുക്കില്‍ കുറിച്ചു.
ഞാന്‍ ഒരു ഹിന്ദു നായര്‍ ആണ്. ബഹുമാനപ്പെട്ട എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ സ്റ്റേറ്റ്‌മെന്റെ ഇഷ്ടപ്പെടാത്തതിനാല്‍ ഇന്ന് ഞാന്‍ എന്റെ കരയോഗത്തില്‍ നിന്നും അംഗത്വം പിന്‍വലിക്കുകയാണ്.എന്റെ മകളുടെ കല്യാണത്തിനും എന്റെ ശവസംസ്‌കാരത്തിനും മാത്രമായിട്ട് എന്റെ വിശ്വാസത്തെ, എന്റെ സനാതന ധര്‍മത്തെ എതിര്‍ക്കുന്ന, ഹിന്ദുവിന് കഴിഞ്ഞ 10 വര്‍ഷത്തോളമായി ദ്രോഹം ചെയ്യുന്ന ,ഹിന്ദുവിനെ ആക്ഷേപിക്കുന്ന എന്റെ വിശ്വാസം ആയ ഗണപതി മിത്താണെന്നു പറഞ്ഞ ,എന്റെ അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന.,ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്ന, സ്വന്തം സമുദായ അംഗങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ രണ്ട് ഗുണമല്ലാതെ ഒരു പ്രയോജനവും ഇല്ലാത്ത (കല്യാണം ,മരണം ) എൻഎസ്എസ് എനിക്ക് ആവശ്യം ഇല്ല.
അയ്യപ്പന് വേണ്ടി തെരുവീഥികളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലാരുന്നോ. പലതും കണ്ടു സഹിക്കാഞ്ഞിട്ടാണ് ഇങ്ങനെ എങ്കിലും പ്രതികരിക്കുന്നത്. സാമുദായിക സംഘടനകള്‍ രാക്ഷ്ട്രീയത്തിന് അതീതമായിരിക്കണം .പലതും പറയാനുണ്ട് പക്ഷേ സ്വന്തം പല്ലട കുത്തി നോക്കാന്‍ ഇല്ല അതുകൊണ്ട് ഇവിടെ നിര്‍ത്തുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.