ന്യൂഡൽഹി: ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തകാലത്തൊന്നും മറ്റൊരാളെ നോക്കുന്നില്ലെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വരും വർഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിജെപിയെ നയിക്കുമെന്ന് പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പോടെ മോദി വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.
‘ ലളിതമായ സത്യം ഇതാണ്… സമീപഭാവിയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല. 2029 ലും 2034 ലും അതിനുശേഷവും നരേന്ദ്ര മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി’– ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ രാജ്നാഥ്സിങ് പറഞ്ഞു. മാത്രമല്ല ഇപ്പോഴും ലോകനേതാക്കൾ മോദിയിൽനിന്ന് ഉപദേശങ്ങൾ സ്വീകരിക്കാറുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അതേപോലെ ജന്മദിനത്തിന് ലോകനേതാക്കളിൽനിന്ന് ഇത്രയും ആശംസാ സന്ദേശങ്ങൾ ലഭിച്ച മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും പഹൽഗാം ഭീകരാക്രമണത്തിനു നൽകിയ മറുപടി മോദിയുടെ പ്രവർത്തന ശൈലിക്ക് ഉദാഹരണമാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. കൂടാതെ വോട്ടു മോഷണം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അടിയന്തരാവസ്ഥയെ എതിർത്ത് 1975ൽ രാഷ്ട്രീയത്തിലെത്തിയ മോദിക്ക് പൊതുപ്രവർത്തനത്തിൽ ഇത് 50–ാം വർഷമാണ്. 2001 ഒക്ടോബർ ഏഴിനു ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹത്തിന് തുടർച്ചയായ അധികാരത്തിൽ ഇത് 24–ാം വർഷമാണ്. 2014ലാണ് ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.