സന: നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരിൽ പണം പിരിച്ച മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറ്റിക്കുകയായിരുന്നെന്ന ആരോപണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ഫത്താഹ് അബ്ദുൾ മഹ്ദി. ബിബിസിയിൽ അവകാശപ്പെട്ടത് പോലെ സാമുവൽ ജെറോം അഭിഭാഷകനല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോം പലരിൽ നിന്നും പണം പിരിക്കുകയാണെന്നും എന്നാൽ ഇയാൾ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നും മഹ്ദി പറയുന്നു.
തലാലിന്റെ സഹോദരൻ പറയുന്നതിങ്ങനെ-
‘നിരവധി പ്ലാറ്റ്‌ഫോമുകളിൽ നിന്നും മധ്യസ്ഥതയുടെ പേരിൽ എണ്ണമില്ലാത്ത അത്രയും പണം അദ്ദേഹം ശേഖരിക്കുകയാണ്. പുതുതായി 40000 ഡോളറാണ് ശേഖരിച്ചത്. ഈ വിഷയത്തിൽ അദ്ദേഹം ഞങ്ങളെ കാണുകയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു’,
മാത്രമല്ല നിമിഷപ്രിയയെ വധിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അംഗീകരിച്ചപ്പോൾ സനയിൽ നിന്നും സാമുവൽ ജെറോം തന്നെ കണ്ടെന്നും സന്തോഷത്തോടെ അദ്ദേഹം തങ്ങളെ അഭിനന്ദിക്കുകയുമായിരുന്നുവെന്നും മഹ്ദി കൂട്ടിച്ചേർത്തു. പക്ഷെ മണിക്കൂറുകൾക്ക് ശേഷം കേരളത്തിലെ മാധ്യമങ്ങൾ കണ്ടപ്പോൾ മധ്യസ്ഥതയെ കുറിച്ച് സാമുവൽ സംസാരിക്കുന്നത് കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ ആരോപണം തന്നെ നേരത്തെ സാമുവൽ ജെറോമിനെതിരെ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രനും ഉന്നയിച്ചിരുന്നു. സാമുവൽ ജെറോമിന് ക്രെഡിറ്റ് നൽകാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞിരുന്നു. സാമുവലിന് 44,000 ഡോളർ നൽകി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുതെന്നായിരുന്നു സുഭാഷ് ചന്ദ്രൻ പറഞ്ഞത്.
അതേപോലെ തലാലിന്റെ കുടുംബവുമായി ചർച്ച ചെയ്യാനുള്ള ചെലവെന്ന പേരിൽ 20 ഡോളറിന് വേണ്ടി അഭ്യർത്ഥിക്കുന്ന വാർത്ത കണ്ടതായി ഫത്താഹ് അബ്ദുൾ മഹ്ദി പറയുന്നു. ഞങ്ങൾ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹത്തിന്റെ മധ്യസ്ഥതയ്ക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ് അയാൾ. സത്യം ഞങ്ങൾക്ക് അറിയാം. അദ്ദേഹം കളവ് പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ അത് വെളിപ്പെടുത്തുമെന്നും മഹ്ദി പറയുന്നു.
അതേസമയം യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വധശിക്ഷ നീട്ടിവയ്ച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമായത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ യെമനിൽ ആരംഭിച്ചത്. ഇതിനിടെ താൻ വഴിയാണു കാര്യങ്ങൾ ഇതുവരെയെത്തിയതെന്ന തരത്തിൽ സാമുവേൽ മാധ്യമങ്ങളിലൂടെ പ്രസ്താവനകൾ ഇറക്കുകയായിരുന്നു.