ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെയാണ് ട്രംപ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള കരാർ ഒപ്പിടുന്ന സമയത്തിന്റെ കാര്യം മാത്രമാണ് തീരുമാനമാകാനുള്ളത്, അതു ഉടൻ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. റഷ്യയുടെ കയ്യിൽ നിന്ന് ഇന്ത്യ വിലക്കുറവിൽ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ട്രംപിന്റെ ഇരട്ടത്തീരുവയുമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ അകൽച്ച സൃഷ്ടിച്ചത്. ഇതോടെ വ്യാപാര കരാറിന്റെ കാര്യത്തിൽ അനശ്ചിതത്വം നിലനിൽക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലാണ് ട്രംപ് വ്യക്തത വരുത്തിയത്.
‘‘ഇന്ത്യയുമായി ഞാൻ വ്യാപാര കരാർ ഉണ്ടാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങൾക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഞങ്ങൾക്കിടയിൽ മികച്ച ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനുമാണ്.’’ –ട്രംപ് പറഞ്ഞു.
ഇതിനിടെ കിട്ടിയ ഗ്യാപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിലേക്കു നീങ്ങുന്നത് താൻ ഇടപെട്ട് തടഞ്ഞെന്ന വാദവും ട്രംപ് ആവർത്തിച്ചു. ‘‘അവർ രണ്ടും ആണവയുദ്ധത്തിലേക്കു നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ വ്യാപാരക്കരാർ ഉണ്ടാക്കില്ലെന്ന് ഞാൻ മോദിയോടു പറഞ്ഞു. സംഘർഷം തുടങ്ങി രണ്ടു ദിവസത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും എന്നെ വിളിച്ചു. പിന്നാലെ ഇരുവരും യുദ്ധം നിർത്തി’’.
















































