തൊടുപുഴ: രാജകുമാരി കജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൈക്കുഞ്ഞിനെ കൊലപ്പെടുക്കിയത് കുട്ടിയുടെ അമ്മതന്നെയെന്ന് കണ്ടെത്തൽ. കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി രാജാക്കാട് പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതി ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറന്റെ (21) അറസ്റ്റ് രേഖപ്പെടുത്തി.
പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചിരുന്നു. അതിനുശേഷമാണ് ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമു ഇവർക്കൊപ്പം താമസമാരംഭിച്ചത്. താൻ ഗർഭിണിയാണെന്ന് വിവരം യുവതി ഇയാളിൽനിന്നു മറച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പൂനം സോറൻ ജോലിക്ക് പോയിരുന്നില്ല.
പിന്നീട് ഇവർ ആരുമറിയാതെ പെൺകുഞ്ഞിനെ പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടെന്നാണ് പോലീസിന്റെ നിഗമനം. മോത്തിലാൽ മുർമുവിന് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്നാണ പൂനം സോറൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.