തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാനെതിരെ സൈബർ കേസ്. പരാതിക്കാരിക്കെതിരെ സൈബർ ആക്രമണം നടത്തിയെന്നു കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ വാട്സാപ്പ് ചാറ്റ് അടക്കം പുറത്തുവിട്ടെന്നാണ് പരാതി.
ഇതിനെതിരെ ഫെനി വീണ്ടും രംഗത്തെത്തി, ചാറ്റ് പുറത്തുവിട്ടതിനാണ് കേസെങ്കിൽ ആദ്യ ദിവസങ്ങളിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോയെന്ന് ഫെന്നി ഫേസ്ബുക്കിലുടെ ചോദിച്ചു. കേസിനെ നിയമപരമായി നേരിടും. ഈ വിഷയത്തിൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന ബോധ്യമുണ്ട്. പ്രതികാരത്തിന്റെ ഭാഗമായി തന്നെ വേട്ടയാടാൻ പറ്റും. പക്ഷേ എല്ലാത്തിനും മുകളിൽ കോടതിയുണ്ട്. അവിടെ സത്യം ബോധിപ്പിക്കും. എഫ്ഐആർ ലഭിക്കുന്ന സമയത്ത് തന്നെ അതിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെന്നി പറഞ്ഞു.
അതുപോലെ രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസിൽ പെൺകുട്ടിയെ വാഹനത്തിൽ ഹോംസ്റ്റേയിൽ എത്തിച്ചു നൽകിയ തന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ലെന്നും ഫെന്നി ചോദിക്കുന്നു. 2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ മൂന്നാമത്തെ കേസിലെ പരാതിക്കാരി എന്ത് കൊണ്ട് പതിനെട്ട് മാസങ്ങൾക്ക് ശേഷം തനിക്ക് മെസേജ് അയച്ചെന്നും ഫെന്നി പോസ്റ്റിൽ ചോദിച്ചു.
ഫെനി നൈനാന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
രാഹുൽ എംഎൽഎയ്‌ക്കെതിരെയുള്ള കേസിൽ പരാതിക്കാരിയെ ആക്ഷേപിച്ചു എന്ന പേരിൽ എനിക്കെതിരെ കേസെടുത്തു എന്ന് മാധ്യമങ്ങളിൽ നിന്ന് അറിയുന്നു.
പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്ന് എനിക്ക് അറിയാം. ഞാൻ ഒരു രീതിയിലും അത് ചെയ്തിട്ടില്ല. ഇനി ചാറ്റ് പുറത്ത് വിട്ടതിനാണ് കേസ് എങ്കിൽ ആദ്യ ദിവസങ്ങളിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ ? അവർക്കെതിരെ എന്താണ് കേസെടുക്കാത്തത് ?
എന്തായാലും കേസിനെ നിയമപരമായി നേരിടും. ഈ വിഷയത്തിൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന ബോധ്യമുണ്ട്. പ്രതികാര ബോധ്യത്തിൻ്റെ ഭാഗമായി എന്നെ വേട്ടയാടാൻ നിങ്ങൾക്ക് പറ്റും. പക്ഷേ എല്ലാത്തിനും മുകളിൽ കോടതിയുണ്ട്. അവിടെ സത്യം ബോധിപ്പിക്കും. എഫ്ഐആർ ലഭിക്കുന്ന സമയത്ത് തന്നെ അതിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കും.
പക്ഷേ നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു.
1) രണ്ടാമത്തെ കേസിൽ ബലാത്സംഗം ചെയ്യാൻ പെൺകുട്ടിയെ വാഹനത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയ എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല ?
2) 2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ മൂന്നാമത്തെ കേസിലെ പരാതിക്കാരി എന്ത് കൊണ്ട് പതിനെട്ട് മാസങ്ങൾക്ക് ശേഷം ” I prefer his flat, safe place, night aayalum kizhappamilla” എന്നു പറഞ്ഞത് എന്ത് കൊണ്ടാണ് ?

















































