അബുദാബി: യുഎഇയില്‍ ചെന്നാല്‍ ഇനി എവിടെയും ലുലു കാണാനാകും. രാജ്യത്ത് ലുലുവിന്‍റെ പുതിയ ശാഖകള്‍ ആരംഭിക്കുകയാണ്. കൂടെ ഒട്ടനവധി തൊഴിലവസരങ്ങളും. യുഎഇ മാത്രമല്ല, സൗദിയിലും ലുലുവിന്‍റെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നുണ്ട്. ആയിരക്കണക്കിന് ജീവനക്കാരെയാണ് വിവിധ പോസ്റ്റുകളിലേക്കായി ലുലു ക്ഷണിക്കുന്നത്. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് പുതുതായി വരുന്നത്.
യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽനിന്ന് നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ആ പ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തി ഹൈപ്പർമാർക്കറ്റും എക്സ്പ്രസ് സ്റ്റോറും ആരംഭിക്കാൻ പദ്ധതിയിടുന്നെന്ന് ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. വിദേശതൊഴിലാളികളുടെ വൻതോതിലുള്ള വരവാണ് ദുബായ്, അബുദാബി, ഷാർജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി കുതിച്ചത്.
നഗരങ്ങളിലെ ഡൗണ്‍ ടൗണുകളിലും സെൻട്രൽ ഡിസ്ട്രിക്ടുകളിലും ഉയർന്ന വാടകയാണ് ഈടാക്കുന്നത്. വാടക കൂടാതെ, ഗതാഗതതിരക്കും യാത്രാ ചെലവും മറികടക്കാൻ പല താമസക്കാരും പ്രാന്തപ്രദേശങ്ങളിലേക്ക് മാറാനാണ് ഇഷ്ടപ്പെടുന്നത്. അതിനാലാണ് പുതിയ ലുലു ശാഖകളും ഇവിടേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.