സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍-2-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.
വ്യാഴാഴ്ച പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമയുടെ നിഗൂഢവും ഗംഭീരവുമായ ലോകത്തിലേക്ക് കാഴ്ച ക്ഷണിക്കുന്നു. നയന്‍താര മൂക്കുത്തി അമ്മനായി തിരിച്ചെത്തുകയാണ്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന തുടര്‍ഭാഗത്തില്‍ നയന്‍താരയോടൊപ്പം മികച്ച താരനിരകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിശാലമായ സെറ്റുകള്‍, വലിയ ദൃശ്യങ്ങള്‍, യഥാര്‍ഥ സുന്ദര്‍ സി. ശൈലിയില്‍ ഭക്തി, നിഗൂഢത, മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനംചെയ്യുന്ന കഥാസന്ദര്‍ഭത്തോടെയാണ് ചിത്രം വരാനിരിക്കുന്നത്.ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന മൂക്കുത്തി അമ്മന്‍-2, അടുത്തവര്‍ഷം വേനലവധിക്കാണ് തിയേറ്ററിലെത്തുക.