മുംബൈ: നാഗ്പുരിൽ ട്രക്ക് ഇടിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നിർവാഹമില്ലായെ ബൈക്കിന്റെ പിൻവശത്ത് കെട്ടിയിട്ട ശേഷം വാഹനം ഓടിച്ച് ഭർത്താവ്. ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പലരോടും സഹായം അഭ്യർഥിച്ചെങ്കിലും ആരും ശ്രദ്ധിക്കാത്തതിനു പിന്നാലെയാണ് 35 വയസുകാരൻ ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിയിട്ട ശേഷം സഞ്ചരിച്ചത്. നാഗ്പുർ- ജബൽപുർ ദേശീയ പാതയിലൂടെ അമിത് യാദവ് ഭാര്യയുടെ മൃതദേഹം ബൈക്കിൽ വച്ച് സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വയറലായി.
ഓഗസ്റ്റ് 9ന് രക്ഷാബന്ധൻ ദിനത്തിൽ ദമ്പതികൾ നാഗ്പുരിലെ ലോനാരയിൽ നിന്ന് മധ്യപ്രദേശിലെ കരൺപുരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം. അമിതവേഗത്തിൽ വന്ന ട്രക്ക് ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ അമിതിന്റെ ഭാര്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിന്നാലെ ഇടിച്ചുതെറുപ്പിച്ച ശേഷം ട്രക്ക് നിർത്താതെ കടന്നുപോയി.
ഇതിനിടെ വഴിയാത്രക്കാരോട് അമിത് പലതവണ സഹായം തേടാൻ ശ്രമിച്ചെങ്കിലും ആരും വാഹനം നിർത്തിയില്ലെന്ന് പോലീസ് പറയുന്നു. പിന്നാലെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാനായി ബൈക്കിനു പിന്നിൽ ഭാര്യയുടെ മൃതദേഹം കെട്ടി. അൽപദൂരം സഞ്ചരിച്ചപ്പോഴേക്കും, പോലീസ് വാഹനം അമിതിനെ പിന്തുടർന്ന് ബൈക്ക് തടഞ്ഞു. പിന്നീട് പോലീസ് ഇടപെട്ട് യുവതിയുടെ മൃതദേഹം നാഗ്പുരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദമ്പതികൾ നാഗ്പുരിലെ ലോനാരയിലാണ് താമസിച്ചിരുന്നതെങ്കിലും മധ്യപ്രദേശിലെ സിയോണിയിൽ നിന്നുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി.