തിരുവനന്തപുരം: ജോര്‍ദാനിലെ ജയിലില്‍ ലഭിച്ച ഇന്ത്യന്‍ ചന്ദനത്തിരിയാണ് നാട്ടില്‍ തിരിച്ചെത്താനുള്ള പിടിവള്ളിയായതെന്ന് ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റ എഡിസണ്‍. ‘ദിവസങ്ങളോളം ജോര്‍ദാന്‍ ജയിലില്‍ കഴിഞ്ഞിട്ടും വീട്ടില്‍ വിളിച്ച് ഭാര്യയെ വിവരം അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയുടെ ഫോണ്‍ നമ്പര്‍ അറിയാമായിരുന്നെങ്കിലും ഇന്ത്യയിലേക്കു വിളിക്കേണ്ട കോഡ് അറിയാമായിരുന്നില്ല. ഭാഷ വലിയ പ്രശ്‌നമായിരുന്നു. ഒടുവില്‍ ദിവസങ്ങള്‍ക്കു ശേഷം ജയിലില്‍ കത്തിക്കാന്‍ ലഭിച്ച ചന്ദനത്തിരിയുടെ കൂടാണ് രക്ഷയായത്. ഇന്ത്യന്‍ ചന്ദനത്തിരിയാണ് കിട്ടിയത്. അതിന്റെ കൂടില്‍ ഇന്ത്യയുടെ കോഡ് ഉണ്ടായിരുന്നു. അടുത്ത ദിവസം അതു ചേര്‍ത്തു വിളിച്ചപ്പോഴാണ് ഭാര്യയുമായി സംസാരിക്കാന്‍ കഴിഞ്ഞതും ജയിലിലാണെന്ന വിവരം പറഞ്ഞതും.’- എഡിസണ്‍ പറഞ്ഞു.
ഫെബ്രുവരി 5ന് രാവിലെ മൂന്നു മണിക്കാണ് അളിയനായ ഗബ്രിയേല്‍ തോമസിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പോയതെന്ന് എഡിസണ്‍ പറഞ്ഞു. അബുദബി വഴിയാണ് ജോര്‍ദാനില്‍ എത്തിയത്. അവിടെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. അവിടെ പോയി. പ്രശസ്തമായ പള്ളി ഉള്‍പ്പെടെ സന്ദര്‍ശിച്ച് രണ്ടു ദിവസം അവിടെ തങ്ങി. അവിടെനിന്ന് ടാക്‌സിയില്‍ അക്കോബയിലേക്കു പോയി. അവിടെ രണ്ടു ദിവസം ഹോട്ടലില്‍ തങ്ങി. വീസ മൂന്നുമാസം ഉണ്ടെങ്കിലും 9ന് മടക്ക ടിക്കറ്റ് എടുത്തിരുന്നു. ഇസ്രയേലിലേക്കു പോകാന്‍ കഴിയുമോ എന്ന് എട്ടാം തീയതി എംബസിയില്‍ അന്വേഷിച്ചു. പത്തുപേര്‍ ഉണ്ടെങ്കില്‍ മാത്രമേ പോകാന്‍ കഴിയൂ എന്നായിരുന്നു മറുപടി. വീണ്ടും ഹോട്ടലില്‍ മുറിയെടുത്തു.
പത്താം തീയതി തങ്ങളെ ജോർദാനിലേക്ക് കൊണ്ടുപോയ ബിജു എത്തി ഒരു കടലാസിൽ ഒപ്പിട്ടു തരണമെന്നു പറഞ്ഞു. എന്തിനെന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ പോകുകയല്ലേ ഒപ്പിട്ടു കൊടുക്കാമെന്ന് തോമസ് ആണ് പറഞ്ഞത്. തുടര്‍ന്ന് ബിജുവാണ് ടാക്‌സിയില്‍ കൊണ്ടുപോയത്. ഇതിനിടെ ഇസ്രയേലിലുള്ള ഒരു ചേച്ചിയെ വിളിച്ചു. അവര്‍ ബിജുവിനോട് ഏത് വിമാനത്താവളത്തിലാണ് എത്തുന്നതെന്നു ചോദിച്ചു. എങ്ങനെ വരുമെന്ന് അറിയേണ്ട, അവിടെ എത്തിയാല്‍ സംരക്ഷിക്കാന്‍ പറ്റുമോ എന്നാണു ബിജു തിരിച്ചു ചോദിച്ചത്. അതോടെ ചേച്ചി ഫോണ്‍ കട്ട് ചെയ്തു. രണ്ടു ശ്രീലങ്കക്കാരും ഗൈഡും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.
കാറുകള്‍ മാറിമാറിയാണ് കൊണ്ടുപോയത്. രാത്രി ഒരു സ്ഥലത്ത് ഇറക്കിയ ശേഷം ലൊക്കേഷന്‍ തന്നിട്ട് ഇതു നോക്കി പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അതുനോക്കി പോയപ്പോഴാണ് ജോര്‍ദാന്‍ അതിര്‍ത്തിയില്‍ സൈന്യത്തിനു മുന്നില്‍ എത്തിയത്. ആദ്യം വെടിയേറ്റത് എനിക്കാണ്. എന്റെ ബോധം പോയി. ഉണര്‍ന്നപ്പോള്‍ ബുള്ളറ്റ് നീക്കുന്നതാണ് കണ്ടത്. അപ്പോള്‍ തോമസ് അവിടെ ഇല്ല. എട്ടു ദിവസം വിവിധ സെല്ലുകളില്‍ പാര്‍പ്പിച്ചു. പിന്നീടാണ് കോടതിയില്‍ ഹാജരാക്കിയത്.
എല്ലായിടത്തും ഗബ്രിയേല്‍ തോമസിന്റെ പാസ്‌പോര്‍ട്ട് കാണിക്കുന്നുണ്ട്. തിരിച്ചു ജയിലില്‍ കൊണ്ടുപോയപ്പോള്‍ 4 പാസ്‌പോര്‍ട്ടേ ഉണ്ടായിരുന്നുള്ളു. ജയിലില്‍നിന്നു ഫോണ്‍ വിളിക്കണമെങ്കില്‍ പണം കൊടുക്കണം. ഭാര്യയുടെ നമ്പര്‍ ഓര്‍മയുണ്ടായിരുന്നു. പക്ഷേ വിളിച്ചിട്ട് കിട്ടിയില്ല. ഇന്ത്യയുടെ കോഡ് അടിച്ചാല്‍ മാത്രമേ കിട്ടുമായിരുന്നുള്ളു. അത് അറിയുമായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ജയിലില്‍ കിട്ടിയ ചന്ദനത്തിരിയുടെ കൂടില്‍നിന്നാണ് ഇന്ത്യയുടെ കോഡ് കിട്ടിയത്. അത് ഇന്ത്യന്‍ കമ്പനിയുടെ തിരിയായിരുന്നു. അതുപയോഗിച്ച് വിളിച്ചപ്പോഴാണ് ഭാര്യയെ കിട്ടിയത്. പിന്നീടാണ് അവരോടു വിവരം പറഞ്ഞത്. പിന്നീട് ഇവിടെനിന്ന് വിമാനടിക്കറ്റിനു പണം അയച്ചുകൊടുത്ത ശേഷമാണ് തിരിച്ചുപോരാന്‍ കഴിഞ്ഞത്’ – എഡിസണ്‍ പറഞ്ഞു.
From Jordan Jail to Home: An Indian man shot at the Jordan border used the country code on a sandalwood incense stick box to call home after being imprisoned. The Incredible Story of Edison’s Survival.
Jordan Attack Kerala News Thiruvananthapuram News Malayalam News