വാഷിങ്ടൺ: വൈറ്റ് ഹൗസിലെ ചുമതല ഒഴിഞ്ഞതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ശതകോടീശ്വരൻ എലോൺ മസ്ക്. ട്രംപിന്റെ നിർദ്ദിഷ്ട ചെലവ് ബില്ലിനെ മസ്ക് രൂക്ഷമായി വിമർശിച്ചു. വെറുപ്പുളവാക്കുന്ന മ്ലേച്ഛതയെന്നാണ് മസ്ക് ബില്ലിനെ വിശേഷിപ്പിച്ചത്. ഫെഡറൽ ചെലവ് ചുരുക്കൽ പദ്ധതിക്ക് നേതൃത്വം നൽകിയതിന് ട്രംപ് പ്രശംസിച്ചതിന് പിന്നാലെ, മസ്‌ക് തന്റെ ഔദ്യോഗിക സ്ഥാനമൊഴിഞ്ഞിരുന്നു. എക്സ് പോസ്റ്റിലാണ് മസ്ക് ബില്ലിനെ വിമർശിച്ചത്.
ബില്ലിന് വോട്ട് ചെയ്തവരെയോർത്ത് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പരിഗണിക്കുന്ന ഈ ബിൽ പൗരന്മാരെ താങ്ങാനാവാത്ത കടബാധ്യതയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു.ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏകദേശം 300 മില്യൺ ഡോളർ സംഭാവന നൽകിയെങ്കിലും അടുത്തിടെ മസ്‌കും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായിരുന്നു.
ഈ ബില്ലിൽ എലോൺ മസ്‌കിന്റെ അഭിപ്രായമെന്തെന്ന് പ്രസിഡന്റിന് ഇതിനകം തന്നെ അറിയാം. പക്ഷേ മസ്കിന്റെ നിലപാട് പ്രസിഡന്റിന്റെ തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതൊരു വലിയ, മനോഹരമായ ബില്ലാണെന്നതിൽ ട്രംപ് ഉറച്ച് നിൽക്കുകയാണെന്നും അവർ പറഞ്ഞു. നിലവിൽ സെനറ്റിൽ ചർച്ചയിലിരിക്കുന്ന ബിൽ മസ്കിന്റെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയ്ക്ക് പ്രയോജനം ചെയ്യുന്ന സബ്സിഡികൾ വെട്ടിക്കുറയ്ക്കുമെന്നും സൂചനയുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾക്കും അനുബന്ധ സാങ്കേതികവിദ്യകൾക്കുമുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് ബില്ലിൽ ഉള്ളത്. കഴിഞ്ഞ മാസം, ചെലവ് ബില്ലിൽ താൻ നിരാശനാണെന്ന് മസ്‌ക് പറഞ്ഞിരുന്നു. അതിർത്തി സുരക്ഷ, നാടുകടത്തൽ, ദേശീയ സുരക്ഷ എന്നിവയ്ക്കായി 350 ബില്യൺ ഡോളറിന്റെ വൻതോതിലുള്ള നീക്കിയിരിപ്പും ബില്ലിൽ ഉൾപ്പെടുന്നു.


















































