ഇടുക്കി: മൂന്നാർ പള്ളിവാസൽ രണ്ടാം മൈലിൽ വിനോദസഞ്ചാരികൾക്ക് നേരെ ക്രൂരമർദനം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ എട്ട് യുവാക്കൾക്കാണ് വിനോദയാത്രയ്ക്കിടെ ക്രൂരമായ മർദ്ദനമേറ്റത്. പരുക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്നും മൂന്നാർ സന്ദർശനത്തിനെത്തിയ 26 അംഗ യുവാക്കളുടെ സംഘമാണ് ആക്രമണത്തിന് ഇരയായത്. പല സ്ഥലങ്ങളും സന്ദർശിച്ച് മടങ്ങുന്നതിനിടെ പള്ളിവാസൽ രണ്ടാം മൈലിൽ വിശ്രമിക്കാനായി ഇവരുടെ വാഹനം നിർത്തി. ഈ സമയത്ത് സമീപത്തു നിർത്തിയിട്ടിരുന്ന ഒരു ട്രെക്കിങ് ജീപ്പിനടുത്ത് നിന്ന് യുവാക്കളിൽ ഒരാൾ ഫോട്ടോ എടുത്തു. ഇതാണ് തർക്കത്തിന് കാരണമായത്.
ഫോട്ടോ എടുത്തതിനെ ചൊല്ലി ജീപ്പ് ഉടമ തർക്കിക്കുകയും യുവാവിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ ഡ്രൈവർമാർ സ്ഥലത്തെത്തുകയും സംഘം ചേർന്ന് യുവാക്കളെ മാരകമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഒരു യുവാവിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തിനിടെ യുവാക്കളിൽ ഒരാളുടെ സ്വർണ്ണമാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവത്തെത്തുടർന്ന് ഇടുക്കി ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വെള്ളത്തൂവൽ പോലീസ് ആശുപത്രിയിലെത്തി പരുക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.















































