കണ്ണൂർ: പിപി ദിവ്യയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരിക്കെ കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് 10.47 കോടി രൂപയുടെ നിർമാണ കരാറുകൾ നേരിട്ടു നൽകിയിട്ടുണ്ടെന്നാണ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം.
ജില്ലാ കലക്റ്റർ അരുൺ കെ വിജയൻ ചെയർമാനും പിപി ദിവ്യ ഗവേണിങ്ങ് ബോഡി അംഗവുമായ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്കാണ് കഴിഞ്ഞ നാലുവർഷമായി കോടികളുടെ കരാർ പ്രവൃത്തികൾ നേരിട്ട് ലഭിച്ചത്. അതിനാൽതന്നെ കളക്ടറുടെ ഇടപെടലുകളിൽ സംശയം ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. പിപി ദിവ്യയ്ക്ക് വേണ്ടി കളക്ടർ വഴിവിട്ട് സഹായം ചെയ്തോ എന്നും ദിവ്യയുടെ ബിനാമി ഇടപാടുകൾക്ക് കൂട്ടുനിന്നോ എന്നുള്ളതും അന്വേഷിക്കണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.
കടുവ രാധയെ ആക്രമിച്ചത് പതിയിരുന്ന്, തലഭാഗം പാതി ഭക്ഷിച്ച നിലയിൽ, മൃതദേഹം നൂറുമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി, നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്, സ്ഥലത്ത് സംഘർഷാവസ്ഥ
പിപി ദിവ്യയുടെ ബിനാമി കമ്പനിയായ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡിന് ആദ്യ പ്രവൃത്തിയായ പടിയൂർ എബിസി കേന്ദ്രത്തിന്റെ നിർമാണ കരാർ ലഭിച്ചത് ജില്ലാ നിർമ്മിതി കേന്ദ്ര വഴിയാണെന്നും ഷമ്മാസ് ആരോപിച്ചു. പാലക്കയം തട്ടിലെ ബിനാമി സ്വത്തിടപാടിൽ ബിനാമി കമ്പനി ഉടമയുടെയും ദിവ്യയുടെ ഭർത്താവിന്റെയും പേരിലുള്ള രേഖകൾ തയ്യാറാക്കിയത് ഒരേ അഭിഭാഷകന്റെ ഓഫീസിൽ നിന്നാണെന്നും സർക്കാർ ജീവനക്കാരനായ ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ ജോലി കൃഷി എന്നാണ് സ്ഥലം വാങ്ങിയ രേഖയിൽ സാക്ഷ്യപ്പെടുത്തിയതെന്നും ഷമ്മാസ് ചൂണ്ടിക്കാട്ടി. ദിവ്യയുടേയും ഭർത്താവിന്റെയും ബിനാമികളുടെയും ‘കൃഷി’ യുടെ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും ഷമ്മാസ് ആരോപിച്ചു.
ബിനാമി കമ്പനിയും പി.പി. ദിവ്യയുടെ കുടുംബവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും വിജിലൻസിന് പരാതി നൽകുന്നതുൾപ്പടെയുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷമ്മാസ് പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെയെന്നും ഷമ്മാസ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷമ്മാസ്.